Loading ...

Home health

പനിപ്പേടി സ്​ഥാനത്തും അസ്​ഥാനത്തും

എല്ലാ വര്‍ഷവുമെന്ന പോലെ ഇൗ മഴക്കാലത്തും അതിന് തൊട്ടു മുമ്ബുമുണ്ടാകുന്ന പനിയും പനിപ്പേടിയും വീണ്ടും എത്തിയിരിക്കുന്നു. രോഗാണുക്കള്‍ മൂലമുണ്ടാകുന്നതും പകരുന്നതുമായ പല രോഗങ്ങളുടെയും ലക്ഷണങ്ങളിലൊന്നാണ് പനി. പലതരം വൈറസുകളും ബാക്ടീരിയകളും ഏകകോശജീവികളുമാണ് ഇത്തരത്തില്‍ ബാധിക്കുന്നത്. രോഗാണുക്കളെ കണ്ടെത്താനും അവയുടെ ജീവിതചക്രം, പ്രത്യുല്‍പാദനരീതി, രോഗോല്‍പാദനശേഷി, സ്വഭാവമാറ്റങ്ങള്‍ എന്നിവ എളുപ്പത്തില്‍ മനസ്സിലാക്കാനും അവ നിയന്ത്രണ വിധേയമാക്കാനും ഇപ്പോള്‍ പണ്ടത്തേക്കാള്‍ അധികം കഴിയുന്നുണ്ട്. അണുക്കളെ കൊല്ലുന്നതോ അവയുടെ പെരുപ്പം നിയന്ത്രിക്കുന്നതോ ആയ മരുന്നുകള്‍ മുഖേനയും വാക്സിനുകള്‍ ഉപയോഗിച്ച്‌ ആളുകളില്‍ പ്രതിരോധശേഷി വര്‍ധിപ്പിച്ചും ഇത് ചെയ്യാന്‍ കഴിയും.

പോളിയോ, ടെറ്റനസ്​, ഡിഫ്തീരിയ തുടങ്ങി പല രോഗങ്ങളും ഇത്തരത്തില്‍ നിയന്ത്രണത്തിനോ ഉന്മൂലനത്തിനോ വിധേയമാക്കാനായിട്ടുണ്ട്. രോഗാണുവിനെ നശിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സംക്രമണത്തിന്​ തടയിടുകയാണ് ചെയ്യാവുന്നത്. അതിനു രോഗാണുക്കളുടെ ഉറവിടം, സ്വഭാവം, ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രീതി, വാഹകരുണ്ടെങ്കില്‍ അവയുടെ സ്വഭാവം, ഉറവിടം, ശരീരത്തിന് പുറത്ത് അണുക്കള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന കാലയളവ്, അവയുടെ അതിജീവനത്തിനും നാശത്തിനും ആവശ്യമായ ചുറ്റുപാടുകള്‍ എന്നിവയെല്ലാം അറിയണം. ഉദാഹരണത്തിന് ശരീരസ്രവങ്ങളില്‍ നിന്ന് രോഗാണുക്കള്‍ പകരുന്ന അസുഖമാണെങ്കില്‍ രോഗിയും അടുത്ത് പരിചരിക്കുന്നവരും മാസ്​ക് ധരിച്ചാല്‍ സംക്രമണം തടയാം. അങ്ങനെയല്ലാത്ത സന്ദര്‍ഭങ്ങളില്‍ അതി​​​​​െന്‍റ ആവശ്യമില്ല. ഓരോ അസുഖത്തിലും എന്തു ചെയ്യണമെന്ന ശാസ്​ത്രീയമായ അറിവ് എല്ലാവര്‍ക്കുമുണ്ടെങ്കില്‍ രോഗനിയന്ത്രണം എളുപ്പമാണ്. 

അനാവശ്യ ഉത്​കണ്​ഠ 
നിസ്സാരമായി വന്നുപോകുന്ന വൈറല്‍പനി മുതല്‍ മാരകമായേക്കാവുന്ന പനികള്‍ വരെയുണ്ട്. സാധാരണ വരുന്ന ഫ്ലൂ പെട്ടെന്ന് പടര്‍ന്നു പിടിക്കുമെങ്കിലും മാരകമാകാറില്ല. ചിലപ്പോള്‍ അതോടൊപ്പമായിരിക്കും മാരകമായേക്കാവുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയും വ്യാപകമാകുന്നത്. ഇതെല്ലാം കൂട്ടിച്ചേര്‍ത്തു​െവച്ച്‌ ചിലപ്പോള്‍ അനാവശ്യമായി ഉത്കണ്ഠപ്പെടുന്നുമുണ്ട്. കേരളത്തില്‍ മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലങ്ങളിലാണ് പകര്‍ച്ചപ്പനി കൂടുതല്‍ കാണുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടൂതല്‍ ഉണ്ടാവുക. നമ്മുടെ നാട്ടില്‍ പകര്‍ച്ചപ്പനികളില്‍ കൂടുതല്‍ മരണങ്ങളുണ്ടാക്കുന്നത് ഡെങ്കിപ്പനിയും എലിപ്പനിയുമാണ്. ഇതുതന്നെ രോഗബാധിതരില്‍ ഒന്ന് മുതല്‍ മൂന്നു ശതമാനം മാത്രമാണ്. ഈ മരണങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

ആരോഗ്യവകുപ്പി​​​​​െന്‍റ കണക്കു പ്രകാരം 2017ല്‍ ഡെങ്കിപ്പനി മൂലം മരിച്ചത് 165 പേരാണ്. 22,000 ത്തിനടുപ്പിച്ച്‌ ആളുകള്‍ക്ക് à´ˆ രോഗം സ്​ഥിരീകരിച്ചിരുന്നു. മരണം ഒരു ശതമാനത്തില്‍ താഴെയാണെങ്കിലും അത് ഗൗരവമായെടുക്കണം. രണ്ടാമത്, കേരളത്തില്‍ കൂടുതല്‍ മരണങ്ങളുണ്ടായിട്ടുള്ളത് എലിപ്പനി മൂലമാണ്. ഇതോടൊപ്പം കുരങ്ങ്, ചെള്ള് തുടങ്ങിയവ വാഹകരായിട്ടുള്ള ക്യാസനോര്‍ ഫോറസ്​റ്റ്​ ഡിസീസ്​ (kyasanur forest disease), സ്​ക്രബ് ടൈഫസ്​ (scrub typhus) തുടങ്ങിയ പനികളും ഇടക്കുണ്ടായിട്ടുണ്ട്. എന്നാല്‍, ഇതൊക്കെ പെട്ടെന്നു തന്നെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. à´šà´¿à´² പനികളുണ്ടാകുമ്ബോള്‍ ഒരു ചെറിയ ശതമാനം പേര്‍ മരിക്കുന്നു എന്നതുകൊണ്ട് പനിയെ ആകമാനം പേടിക്കേണ്ടതില്ല. ചെറിയ തരം പനികളുള്ളവര്‍ കൂടി അത്യധികം ആശങ്കയോടെ റഫറല്‍ ആശുപത്രികളില്‍ തിക്കി തിരക്കുന്നതുമൂലം രോഗങ്ങള്‍ കൂടുതല്‍ വ്യാപിക്കാന്‍ സാധ്യത ഏറുന്നു. അതേസമയം, ഡെങ്കിപ്പനിപോലെ മാരകമായേക്കാവുന്ന രോഗങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും തക്കസമയത്ത് വേണ്ട ചികിത്സ നല്‍കുകയും വേണം. 

സാംക്രമിക രോഗങ്ങളുടെ രണ്ടാം വരവ്​ 
പുതിയ സഹസ്രാബ്്ദത്തോടടുപ്പിച്ചുണ്ടായത് സാംക്രമികരോഗങ്ങളുടെ രണ്ടാം വരവാണ്. ഈ രണ്ടാം വരവ് ഒട്ടേറെ ആശങ്കകളുണ്ടാക്കിയെങ്കിലും ചില നല്ല കാര്യങ്ങളുമുണ്ടായി. നമ്മുടെ പൊതുആരോഗ്യരംഗത്തെ നിരീക്ഷണസംവിധാനം കുറച്ച്‌ ശക്​തമായി എന്നതാണ് ഒരു ഗുണം. അതി​​​​​െന്‍റ വലിയ ഗുണം ഇപ്പോള്‍ പുതുതായി വന്ന നിപ പനിയെ കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലുമുള്ള കാര്യക്ഷമതയിലൂടെ അറിയാന്‍ കഴിയും. ഓരോ പകര്‍ച്ചപ്പനിയും കൃത്യമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. നിപയുടെ ഒരു ചരിത്രവുമില്ലാതിരുന്ന സമയത്താണ് അത് പിടിപെടുന്നത്. അത് ബാധിച്ചാലുണ്ടാകുന്ന മാരകത്വത്തി​​​​​െന്‍റ നിരക്ക് മറ്റു​ പനികളേക്കാള്‍ പതിന്മടങ്ങാണ്. പുതുതായി ഒരു രോഗം കടന്നുവരുമ്ബോള്‍ നമ്മുടെ ശരീരത്തില്‍ അതിനെതിരായ പ്രതിവസ്​തുക്കള്‍ തീരെയുണ്ടാവില്ല. അതേപോലെ തന്നെ, ആദ്യം സൂചിപ്പിച്ചതുപോലെ രോഗാണുവി​​​​​െന്‍റ ജീവിതക്രമവും അത് ആക്രമിക്കുന്ന ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളുടെ ഘട്ടങ്ങളും അതി​​​​​െന്‍റ അതിജീവനശേഷിയും, രോഗസ്വഭാവവുമൊന്നും സാംക്രമികശാസ്​ത്രരീതി ഉപയോഗിച്ച്‌ വേണ്ടും വണ്ണം പഠിച്ചിട്ടില്ലാത്തതിനാല്‍ തുടക്കത്തില്‍ നല്ല നിരീക്ഷണവും രേഖപ്പെടുത്തലും വിശകലനവും എല്ലാം നിയന്ത്രണപരിപാടികള്‍ രൂപപ്പെടുത്തുന്നതിന് ആവശ്യമാണ്.

à´ˆ നിരീക്ഷണപ്രതിരോധ സംവിധാനങ്ങളുണ്ടായിട്ടും ഡെങ്കിപ്പനിയും എലിപ്പനിയും ഗണ്യമായി കുറക്കാന്‍ കഴിയാത്തതെന്തെന്ന കാര്യത്തില്‍ നമ്മള്‍ ആശങ്കപ്പെടേണ്ടതുണ്ട്​. ഡെങ്കിപ്പനി കൊതുകുകള്‍ പരത്തുന്ന രോഗമാണ്. വളരെ ചെറിയ ജലസംഭരണികളില്‍, നമ്മുടെ വാസസ്​ഥലത്തു തന്നെ വളരുന്ന പകല്‍ കടിക്കുന്ന തീരെ ചെറിയ പുള്ളിക്കൊതുകുകളാണീ രോഗം പരത്തുന്നത്. à´ˆ കൊതുകുകള്‍ കടിക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. കൊതുകുകള്‍ വളരുന്ന സാഹചര്യം ഒഴിവാക്കിയിട്ടോ, ശരീരത്തില്‍ ലേപനം പുരട്ടിയിട്ടോ ഒക്കെയാകാം അത്​. സാധാരണ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുകയോ വാക്സിന്‍ എടുക്കുകയോ ഒക്കെയാണ് നമുക്ക് ശീലം. അത് ഡോക്ടര്‍മാരോ ആരോഗ്യപ്രവര്‍ത്തകരോ ചെയ്യുന്നതുകൊണ്ട് ജനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം വരുന്നില്ല. എലിപ്പനിയാണെങ്കില്‍ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ എലി പരത്തുന്നതാണ്. ഇത് ബാധിക്കുന്നവരിലും ചെറിയൊരു ശതമാനം മരണത്തിന് വിധേയമാകുന്നു. 

വനനശീകരണം 
വനനശീകരണവും കെട്ടിടനിര്‍മാണം പോലെയുള്ള മാനുഷികപ്രവര്‍ത്തനങ്ങളും ജന്തുക്കളിലുണ്ടാക്കുന്ന സ്​ഥാനഭ്രംശം, മനുഷ്യരുമായി അവയേയും അവ വഹിക്കുന്ന രോഗാണുക്കളേയും അടുപ്പിക്കുന്നതും പുതിയ രോഗങ്ങളുണ്ടാകാന്‍ കാരണമാണ്. സൂക്ഷ്മജീവികളില്‍ അടിക്കടിയുണ്ടാകുന്ന ജനിതകമാറ്റങ്ങള്‍ അവരെ പുതിയ ആതിഥേയതാവളങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. ആളുകളുടെ സഞ്ചാരവും കുടിയേറ്റവും രോഗങ്ങള്‍ വ്യാപിക്കാന്‍ േപ്രരകമായ മറ്റൊരു ഘടകമാണ്. ചുരുക്കത്തില്‍, എല്ലാ പനികളേയും സാമാന്യവത്​കരിച്ച്‌ പനിപ്പേടി പരത്തേണ്ടതില്ല. ഇപ്പോള്‍ കേരളത്തില്‍ ശ്രദ്ധയോടെ നോക്കേണ്ടത് ഡെങ്കിപ്പനിയും എലിപ്പനിയുമാണ്. പുതിയതായതുകൊണ്ട് നിപയും. അതേസമയം, മറ്റ്​ പലതും ഇടക്ക് വന്നു പോകുന്നതുകൊണ്ട് തുടര്‍ച്ചയായ നിരീക്ഷണവും ജാഗ്രതയും വേണം. സാംക്രമികരോഗശാസ്​ത്രം എല്ലാവരും പഠിച്ചിരിക്കേണ്ടതാണ്. പൊതുവേ, നമുക്ക് ശാസ്​ത്രാഭിമുഖ്യം കുറവാണ്​. ഡോക്ടര്‍മാരടക്കം ശാസ്​ത്രം പഠിച്ചവരും ചിലപ്പോള്‍ സ്​ഥിതിവിശേഷങ്ങള്‍ ഗ്രഹിക്കാന്‍ അത് ഉപയോഗിക്കാറില്ല. പൊതുജനങ്ങളിലുള്ളതു പോലെ തന്നെ യുക്​തിരഹിതമായ പേടി ചിലപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരിലും കാണാറുണ്ട്.

 
ഡോ. എ.കെ. ജയശ്രീ

ഇപ്പോള്‍, നിപയോടനുബന്ധിച്ച്‌ സാമൂഹികമായി ഒറ്റപ്പെടുത്തുന്നതും മറ്റും നമ്മള്‍ കാണുന്നു. ശാസ്​ത്രീയമായ അറിവി​​​​​െന്‍റ അടിസ്​ഥാനത്തില്‍ രോഗം പകരാതിരിക്കാനായി വേര്‍ പെടുത്തുന്നതും യുക്തിരഹിതമായി ആളുകളെ ഒറ്റപ്പെടുത്തുന്നതും രണ്ടു കാര്യമാണ്. ഓരോ തരം പനിയുടെയും ഉറവിടവും സ്വഭാവവും പ്രത്യേകമായി മനസ്സിലാക്കിയാല്‍, എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാകും. ഉദാഹരണത്തിന്, വായുവില്‍ കൂടി പകരുന്ന എച്ച്‌1 എന്‍1 വളരെ വ്യാപകമാവുകയാണെങ്കില്‍ ചിലപ്പോള്‍ സ്​കൂളുകളും മറ്റും അടച്ചിടേണ്ടി വരും. എന്നാല്‍, നിപപോലെ അടുത്തിടപഴകിയാല്‍ മാത്രം പകരുന്ന രോഗത്തിന് അതി​​​​​െന്‍റ ആവശ്യമില്ല. പ്രതിരോധവും ചികിത്സയും നിരീക്ഷണവുമടങ്ങുന്ന ഒരു നല്ല പൊതുജനാരോരോഗ്യസംവിധാനത്തോടൊപ്പം, ഓരോതരം പനിയേയും സവിശേഷമായി തിരിച്ചറിഞ്ഞ് നേരിടാനുള്ള ശാസ്​ത്രീയമായ അറിവ് ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉണ്ടാവുക കൂടി ചെയ്താല്‍ പനിയെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല.

(കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോ​ളജ്​ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയാണ്​ ലേഖിക)

Related News