Loading ...

Home International

സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; യെമനില്‍ സൈനിക നടപടി നിര്‍ത്തിവെച്ചതായി സഖ്യസേന

ജിദ്ദ: യെമനില്‍ തുടരുന്ന സൈനിക നടപടികള്‍ നിര്‍ത്തിവെച്ചതായി സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.ബുധനാഴ്ച രാവിലെ ആറ് മുതല്‍ യെമനിലെ മുഴുവന്‍ സൈനിക പ്രവര്‍ത്തനങ്ങളും
അവസാനിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.സമാധാന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കായുള്ള സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ ഹജ്‌റഫിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. കൂടിയാലോചനകളുടെ വിജയത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക, സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി വിശുദ്ധ റമദാന്‍ മാസത്തില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക നടപടികള്‍ നിര്‍ത്തിവെക്കുന്നതെന്ന് തുര്‍ക്കി അല്‍ മാലികി അറിയിച്ചു.യെമന്‍ പ്രതിസന്ധി അവസാനിപ്പിക്കാനും സമഗ്രമായ രാഷ്ട്രീയ പരിഹാരത്തില്‍ എത്തിച്ചേരാനുമുള്ള പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് അന്താരാഷ്ട്ര സംരംഭങ്ങളുടെയും ശ്രമങ്ങളുടെയും പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയുടെ മേല്‍നോട്ടത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. സഖ്യസേന വെടിനിര്‍ത്തല്‍ പാലിക്കുമെന്നും വെടിനിര്‍ത്തല്‍ വിജയകരമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഉചിതമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നും വിശുദ്ധ റമദാന്‍ മാസത്തില്‍ സമാധാനത്തിനും സുസ്ഥിരതക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.
നിയമാനുസൃതമായ യെമന്‍ സര്‍ക്കാറിനെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും സൈനിക നടപടിക്രമങ്ങള്‍ കൊണ്ടും പിന്തുണക്കുന്നത് തുടരുമെന്ന സൗദിയുടെ ഉറച്ച നിലപാട് അദ്ദേഹം സ്ഥിരീകരിച്ചു.

Related News