Loading ...

Home National

അറുപത് വര്‍ഷം മുന്‍പ് തമിഴ്‌നാട്ടില്‍ നിന്ന് മോഷണം പോയ വിഗ്രഹങ്ങള്‍ അമേരിക്കന്‍ മ്യൂസിയത്തില്‍

ന്യൂഡല്‍ഹി: ആറ് പതിറ്റാണ്ട് മുന്‍പ് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍നിന്ന് മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങള്‍ അമേരിക്കയിലെ മ്യൂസിയത്തില്‍ കണ്ടെത്തി. വില്ലുപുരം ജില്ലയിലെ വീരചോളപുരം ശിവക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ ശിവപാര്‍വതിമാരുടെ വിഗ്രഹങ്ങളാണ് അമേരിക്കയിലെ ഫ്രീര്‍ ഗാലറി, ക്ലീവ്‌ലാന്‍ഡ് മ്യൂസിയം എന്നിവടങ്ങളില്‍നിന്ന് കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചോള കാലഘട്ടത്തിലെ വിഗ്രഹങ്ങളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്.

തമിഴ്‌നാട്ടിലെ വിഗ്രഹ മോഷണ കേസുകള്‍ അന്വേഷിക്കുന്ന സിഐഡി വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഫ്രെഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പുതുച്ചേരിയുടെ വിവരശേഖരത്തില്‍നിന്ന് ഈ വിഗ്രഹങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. തുടര്‍ന്ന് വിഗ്രഹങ്ങളുടെ ചിത്രവും മറ്റു വിവരങ്ങളും വെച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ഫ്രീര്‍ ഗാലറി, ക്ലീവ്‌ലാന്‍ഡ് മ്യൂസിയം എന്നിവടങ്ങളില്‍ വിഗ്രഹം ഉള്ളതായി കണ്ടെത്താന്‍ സാധിച്ചതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ പുരാവസ്തു ഗവേഷകന്‍ എസ്. വിജയകുമാര്‍ വ്യക്തമാക്കി.

1960ലാണ് ക്ഷേത്രത്തില്‍നിന്ന് ഈ വിഗ്രഹങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രത്തിലുണ്ടായിരുന്ന ഒമ്ബത് വിഗ്രഹങ്ങളില്‍ ഏഴെണ്ണമാണ് അന്ന് മോഷ്ടിക്കപ്പെട്ടത്. ബാക്കിയുള്ള രണ്ട് വിഗ്രഹങ്ങള്‍ ഇപ്പോഴും ക്ഷേത്രത്തിലുണ്ട്. ഇന്ത്യയില്‍നിന്ന് ഈ വിഗ്രഹങ്ങള്‍ 1960കളില്‍ വിദേശത്തേക്ക് കടത്തിയെന്നാണ് കരുതുന്നത്. നടരാജ വിഗ്രഹം 2003ല്‍ മൂന്ന് ലക്ഷം ഡോളറിനും പാര്‍വതിയുടെ വിഗ്രഹം 2013ല്‍ 13 ലക്ഷം ഡോളറിനുമാണ് ലേലം ചെയ്യപ്പെട്ടത്.

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍നിന്ന് ഇവ മോഷ്ടിച്ചത് പ്രാദേശിക മോഷ്ടാക്കളായിരുന്നു. ഇവ കണ്ടെടുക്കുന്നതിനായി ചില അന്വേഷണങ്ങളും അക്കാലത്ത് നടന്നിരുന്നു. എന്നാല്‍ അന്നത്തെ അന്വേഷണങ്ങള്‍ക്ക് വിഗ്രഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അക്കാലത്തെ ക്ഷേത്ര ഭാരവാഹികളോ പൂജാരികളോ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ മോഷണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും അന്വേഷണ സംഘാംഗമായ പൊന്‍മാണിക്യവേല്‍ പറഞ്ഞു.

ഇന്ത്യാ സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ വിഗ്രഹങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചിട്ടുള്ളതായി വിജയകുമാര്‍ പറഞ്ഞു.

Related News