Loading ...

Home National

ക്രിമിനല്‍ നടപടി ചട്ട പരിഷ്‌കരണ ബില്ല് ലോക്‌സഭയില്‍ അജയ് മിശ്ര അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടി ചട്ട പരിഷ്‌കരണ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണ് ബില്ല് അവതരിപ്പിച്ചത്.ശിക്ഷിക്കപ്പെട്ടവരുടേയും അറസ്റ്റിലായവരുടേയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് അധികാരം നല്‍കുന്നതാണ് ക്രിമിനല്‍ നടപടി ചട്ട പരിഷ്‌കരണ ബില്ല്.ബില്ല് അനുസരിച്ച്‌ ശിക്ഷിക്കപ്പെടുന്നവരുടെ രക്തസാംപിള്‍, വിരലടയാളം, പാദമുദ്രകള്‍, ഫോട്ടോഗ്രാഫുകള്‍, ഐറിസ്, റെറ്റിന എന്നിവയുടെ സാംപിളുകള്‍, ബയോമെട്രിക് രേഖകള്‍, ഒപ്പ്, ആളുടെ സ്വഭാവ സവിശേഷതകള്‍, കയ്യക്ഷരം എന്നിവയുള്‍പ്പെടെയുള്ളവ പോലീസിന് ശേഖരിക്കാം. 102 വര്‍ഷം പഴക്കമുള്ള ദ ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്സ് ആക്ടിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് ക്രിമിനല്‍ നടപടി ചട്ട പരിഷ്‌കരണ ബില്ല് കേന്ദ്രം അവതരിപ്പിച്ചത്.ഒരു വര്‍ഷത്തിലധികം ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും വിരലടയാളം, കൈ, കാല്‍ മുദ്രകള്‍, ഫോട്ടോ എന്നിവ ശേഖരിക്കാനുള്ള അധികാരമാണ് നിലവില്‍ പോലീസിനുള്ളത്. നിയമം ഭേദഗതി ചെയ്യുന്നതോടെ, ഇവയ്‌ക്കു പുറമേ രക്ത, മൂത്ര സാംപിള്‍, കണ്ണിന്റെ കൃഷ്ണമണി അടക്കമുള്ള ബയോമെട്രിക് രേഖകള്‍, ശാരീരിക അളവുകള്‍ എന്നിവ പോലീസിന് ശേഖരിക്കാം.രേഖകള്‍ 75 വര്‍ഷം സൂക്ഷിക്കാനും പോലീസിന് അധികാരം ലഭിക്കും. എന്നാല്‍ ബില്‍ അവതരണത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. ബില്‍ മൗലിക അവകാശങ്ങളുടെയും ഭരണഘടന അനുച്ഛേദങ്ങളുടെയും ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു.

Related News