Loading ...

Home National

ആയുധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ നേട്ടം; 2014-15 കാലയളവില്‍ 1,900 കോടി രൂപയായിരുന്നത് 2022ഓടെ 11,600 കോടി രൂപയായി ഉയര്‍ന്നതായി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആയുധ കയറ്റുമതി മൂല്യം 2014 മുതല്‍ ആറിരട്ടി വര്‍ദ്ധിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം.നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ കണക്കുകള്‍ പ്രകാരം 11,607 കോടിയുടെ കയറ്റുമതിയാണ് രേഖപ്പെടുത്തിയത്.2014- 15 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി മൂല്യം 1,941 കോടി രൂപയായിരുന്നത് 2022 മാര്‍ച്ച്‌ 21ഓടെ പതിനൊന്ന് കോടി രൂപയായി ഉയരുകയായിരുന്നു. പ്രതിരോധ സഹമന്ത്രിയായ അജയ് ഭട്ട് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചു. കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ കേന്ദ്രം നടപ്പിലാക്കിയതായും മന്ത്രി അറിയിച്ചു.യുദ്ധസാമഗ്രികളുടെ കയറ്റുമതിക്കായുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ ലളിതമാക്കി. കയറ്റുമതി സാദ്ധ്യതകള്‍ പരിശോധിക്കുന്നതിനും ആഗോള ടെന്‍ഡ‌റുകളില്‍ പങ്കെടുക്കുന്നതിനുമായി ഡി ആര്‍ ഡി ഒയ്ക്കും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ സി എം ഡികള്‍ക്കും അധികാരം നല്‍കി. ഓര്‍ഡ്‌നന്‍സ് ഫാക്‌ടറി ബോര്‍ഡിന്റെ സ്വകാര്യവത്കരണവും അവരുടെ 41 ഫാക്‌ടറികളെ ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളായി മാറ്റുന്നതും കയറ്റുമതി വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.2025ഓടെ കയറ്റുമതി മൂല്യം 36,500 കോടിയായി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഫിലിപ്പീന്‍സിലേക്ക് 2,770 കോടി രൂപയ്ക്ക് ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈലുകള്‍ കയറ്റുമതി ചെയ്തതാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം. ബ്രഹ്മോസ് മിസൈലുകളുടെയും ആകാശ് വ്യോമ പ്രതിരോധ മിസൈലുകളുടെയും കയറ്റുമതി സംബന്ധിച്ച്‌ സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളുമായി ചര്‍ച്ചയിലാണ് കേന്ദ്രം ഇപ്പോള്‍.

Related News