Loading ...

Home National

ഗെയില്‍ പൈപ്പ്‌ലൈന്‍: പാലക്കാട് നിന്ന്‌ പ്രകൃതിവാതക വിതരണം തുടങ്ങി

പാലക്കാട്: ഏറെ കാത്തിരിപ്പിനൊടുവില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയില്‍)പാലക്കാട്ടുനിന്ന് പ്രകൃതിവാതക വിതരണം ആരംഭിച്ചു.
കൂറ്റനാട്–- വാളയാര്‍ പ്രകൃതിവാതകക്കുഴല്‍വഴിയാണ് വിതരണം തുടങ്ങിയത്.
പാലക്കാട് നഗരത്തിലും പരിസരത്തും വിതരണച്ചുമതലയുള്ള ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് പുതുശേരിയിലെ സ്റ്റേഷനിലേക്ക് ഗ്യാസ് എത്തിച്ച്‌, ഇവിടെനിന്ന് പ്രകൃതിവാതകം(സിഎന്‍ജി) പമ്ബുകള്‍ക്കും സിലിണ്ടറില്‍ നിറച്ചുമാണ് വിതരണം. വാഹനങ്ങള്‍ക്ക് നേരിട്ടും നിറയ്ക്കാം. പൈപ്പിടല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വീടുകളിലേക്കുള്ള വിതരണവും തുടങ്ങാന്‍ കഴിയുമെന്ന് ഗെയില്‍ ജനറല്‍ മാനേജര്‍ ജോസ് തോമസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോര്‍ജ് ആന്റണി എന്നിവര്‍ പറഞ്ഞു. വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഗെയില്‍ സതേണ്‍ റീജണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ കെ ത്രിപാഠി നിര്‍വഹിച്ചു.
കൊച്ചിയില്‍നിന്നാണ് പ്രകൃതിവാതകം അദാനി ഗ്യാസിന്റെ മദര്‍ സ്റ്റേഷനായ പുതുശേരിയില്‍ എത്തുന്നത്. പൈപ്പ്വഴി എത്താന്‍ തുടങ്ങിയതോടെ ടാങ്കറുകള്‍ ഉപയോഗിച്ച്‌ റോഡ്മാര്‍ഗം നീക്കം നിര്‍ത്തി.കൊച്ചി–- കൂറ്റനാട്–മംഗലാപുരം–- ബംഗളൂരു പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതിയില്‍ പകുതിയും കേരളത്തിലൂടെയാണ് ഉള്ളത്. കൊച്ചി–- മംഗലാപുരം ലൈന്‍ 444 കിലോമീറ്ററില്‍ ഭൂരിഭാഗവും കേരളത്തിലാണ്. കൂറ്റനാട്–- വാളയാര്‍ 90 കിലോമീറ്ററാണ് പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്നത്. 2009ല്‍ പ്രഖ്യാപിച്ച പദ്ധതി തുടങ്ങിയത് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. എന്നാല്‍ 2011ല്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതിലെ എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി ഒരിഞ്ചുപോലും നീക്കിയില്ല. കേരളത്തില്‍ പദ്ധതി പൂര്‍ത്തയാകില്ലെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്. സ്ഥലമുടമകള്‍ക്ക് മാര്‍ക്കറ്റ് വിലയ്ക്കു മുകളില്‍ നഷ്ടപരിപാരം നല്‍കി സ്ഥലം ഏറ്റെടുത്തു. ഇപ്പോള്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ എന്നപോലെ വികസന വിരുദ്ധര്‍ സര്‍ക്കാരിനെതിരെ സമരവുമായി രംഗത്തുവന്നു. നടുറോഡില്‍ നിസ്കരിച്ച്‌ സമരത്തിന് മതപരമായ മാനം നല്‍കാനും തുനിഞ്ഞു. എന്നാല്‍ എല്ലാ തടസ്സങ്ങളെയും മറികടന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പൈപ്പിടല്‍ പൂര്‍ത്തിയായി.

Related News