Loading ...

Home International

ചൈനീസ് വിമാനം ആകാശത്ത് വെച്ച്‌ രണ്ട് കഷ്ണങ്ങളായി: ശബ്ദ വേഗത്തില്‍ താഴെപ്പതിച്ചു: ബ്ലാക്ക് ബോക്‌സ് രണ്ടും കണ്ടെത്തി

ബെയ്ജിംഗ്: 132 പേരുടെ ജീവനെടുത്ത ചൈനീസ് വിമാനാപകടം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സും കണ്ടെത്തിയിട്ടുണ്ട്.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ രണ്ടിടത്ത് നിന്ന് കണ്ടെടുത്തതായി സ്ഥിരീകരിച്ചു. വിമാനം പൊട്ടിത്തെറിച്ചെന്ന് കരുതുന്ന മലനിരകളില്‍ നിന്നും വിമാനത്തിന്റെ മുഴുവന്‍ അവശിഷ്ടങ്ങളും ലഭിച്ചിരുന്നില്ല. പത്ത് കിലോമീറ്റര്‍ മാറിയാണ് വിമാനത്തിന്റെ മറ്റ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ആകാശത്ത് വെച്ച്‌ വിമാനം രണ്ട് കഷ്ണങ്ങളായാണ് താഴേക്ക് പതിച്ചതെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ശബ്ദ വേഗത്തിലാണ് വിമാനം താഴേയ്‌ക്ക് പതിച്ചതെന്നാണ് വിവരം. വിമാനം തകര്‍ന്നു വീണതിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഭീകരാക്രമണ സാദ്ധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. വിമാനത്തിന് സാങ്കേതിക തകരാറ് ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിന്റെ പാതയില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്ന് അധികൃതരും അറിയിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണത്തെ കുറിച്ച്‌ അധികൃതര്‍ക്ക് ഇപ്പോഴും കൃത്യമായ വ്യക്തതയില്ല.

പൈലറ്റ് സ്വയം ചാവേറായ സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായി ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്. അപകടത്തില്‍ ആരും രക്ഷപെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എത്രപേരുടെ മൃതദേഹം കണ്ടെത്തി എന്നത് സംബന്ധിച്ച വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ച ചൈനയിലെ ഗുവാങ്‌സി പ്രവിശ്യയിലെ വുഷു നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകര്‍ന്നു വീണത്. ഒന്‍പത് ജീവനക്കാരും 123 യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ചൈനയിലെ പടിഞ്ഞാറന്‍ മേഖലയായ കുണ്‍മിംഗില്‍ നിന്ന് ഗുവാങ്‌സോയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 3.5ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22ഓടെ നഷ്ടപ്പെട്ടിരുന്നു. മലമുകളിലേക്ക് വിമാനം കൂപ്പുകുത്തി വീഴുകയായിരുന്നു. ബോയിംഗ് 737 വിമാനമാണ് തകര്‍ന്നത്.

Related News