Loading ...

Home National

'എം.എല്‍.എമാര്‍ക്ക് ഇനി ഒറ്റ പെന്‍ഷന്‍'; പ്രഖ്യാപനവുമായി പഞ്ചാബ് സര്‍ക്കാര്‍

നിയമസഭാ സാമാജികരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച്‌ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ഇനിമുതല്‍ എം.എല്‍.എമാര്‍ക്ക് ഒരു പെന്‍ഷന്‍ മാത്രമേ ലഭിക്കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പ്രഖ്യാപിച്ചു.എം.എല്‍.എമാര്‍ക്കുള്ള കുടുംബ പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.കൂടുതല്‍ തവണ എം.എല്‍.എമാരായവര്‍ക്ക് ഓരോ ടേമിനും വെവ്വേറെ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. എത്രതവണ എം.എല്‍.എമാരായാലും ഇനി ഒരു പെന്‍ഷനു മാത്രമേ അര്‍ഹതയുണ്ടാകൂ. കഴിഞ്ഞ തവണ പ്രതിപക്ഷത്തായിരിക്കുമ്ബോഴും 'ഒരു എം.എല്‍.എ, ഒരു പെന്‍ഷന്‍' എന്ന ആവശ്യം എ.എ.പി ഉയര്‍ത്തിയിരുന്നു.മൂന്നും അഞ്ചും ആറും തവണയൊക്കെ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ ലക്ഷക്കണക്കിനു രൂപയാണ് പെന്‍ഷനായി കൊണ്ടുപോകുന്നതെന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രഖ്യാപനം നടത്തി ഭഗവന്ത് മന്‍ പറഞ്ഞു. പലരും സഭയില്‍ വരിക പോലും ചെയ്യുന്നില്ല. ഒാരോ മാസവും 3.50 ലക്ഷം മുതല്‍ 5.25 ലക്ഷം വരെ പെന്‍ഷന്‍ വാങ്ങുന്നവരുണ്ട്. ഇത് സംസ്ഥാന ഖജനാവിന് ബാധ്യതയായിരിക്കുകയാണ്. പാര്‍ലമെന്റ് അംഗങ്ങളായവരും അക്കൂട്ടത്തിലുണ്ട്. ആ വകയിലും അവര്‍ പെന്‍ഷന്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എം.എല്‍.എമാരുടെ പെന്‍ഷന്‍ വെട്ടിക്കുറച്ചതുവഴി ലാഭിക്കുന്ന പണം ജനക്ഷേമത്തിനായി ഉപയോഗിക്കും. നേരത്തെ മുഴുവന്‍ നിയമസഭാ സാമാജികരുടെയും കുടുംബ പെന്‍ഷനുകള്‍ വെട്ടിച്ചുരുക്കാന്‍ താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്നും മന്‍ പറഞ്ഞു.ഒരു ഊഴത്തിന് 75,150 രൂപയാണ് എം.എല്‍.എമാര്‍ക്ക് പെന്‍ഷനായി ലഭിക്കുന്നത്. തുടര്‍ന്നുള്ള ഓരോ ഊഴത്തിനും പെന്‍ഷന്‍ തുകയുടെ 66 ശതമാനം കൂടുതലായും ലഭിക്കും.

Related News