Loading ...

Home International

റഷ്യന്‍ അധിനിവേശം തുടരുന്നു; ചെര്‍ണോബില്‍ ആണവനിലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറി തകര്‍ത്തു

ചെര്‍ണോബില്‍ ആണവനിലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറി റഷ്യന്‍ സൈന്യം തകര്‍ത്തു. യുക്രൈന്‍ സ്‌റ്റേറ്റ് ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചത്.സജീവമായ റേഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമുള്ള ലാബ് തകര്‍ന്നത് വന്‍ ആശങ്കയാണ് ഉയത്തുന്നത്. റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിന് നിര്‍മ്മിച്ച പുതിയ ലാബാണിത്.
റേഡിയേഷന്‍ പുറത്ത് വിടാന്‍ കഴിവുള്ള ഹൈലീ ആക്ടീവ് സാംപിളുകൾ റഷ്യ തട്ടിയെടുത്തെന്നും സ്‌റ്റേറ്റ് ഏജന്‍സി വ്യക്തമാക്കി.അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ ആണവ നിലയം പിടിച്ചടക്കിയിരുന്നു. ഇവിടെ നിന്നുള്ള റേഡിയേഷന്‍ അളക്കുന്ന സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചതായി യുക്രൈന്റെ ന്യൂക്ലിയര്‍ റെഗുലേറ്ററി ഏജന്‍സി അറിയിച്ചിരുന്നു.ഇതിനിടെ റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയ മരിയുപോളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ന്ന നിലയിലാണ്. കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോളില്‍ മാത്രം 2300 പേര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രൈന്‍ വ്യക്തമാക്കുന്നത്.
ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ഒരു ലക്ഷത്തോളം പേര്‍ മരിയുപോളില്‍ ദുരിതത്തിലാണെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി പറഞ്ഞു.അതിനിടെ റഷ്യന്‍ ആക്രമണം അവസാനിപ്പിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹായം സെലന്‍സ്‌കി തേടിയിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം തവണ മാര്‍പാപ്പ രംഗത്തുവന്നിരുന്നു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാട്രിയാര്‍ക്ക് കിറിലും മാര്‍പാപ്പ ചര്‍ച്ചകള്‍ നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കണമെന്നാവശ്യപ്പെട്ട് സെലന്‍സ്‌കി മാര്‍പാപ്പയുമായി ഫോണ്‍ സംഭാഷണം നടത്തി. യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം നാലാഴ്ച പിന്നിട്ടപ്പോഴും തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ല.

Related News