Loading ...

Home International

പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഷെഹ്ബാസ് ഷെരീഫിനെ നോമിനേറ്റ് ചെയ്യാന്‍ പ്രതിപക്ഷം ഒരുങ്ങുന്നു

ഇസ്‌ലാമാബാദ്: പാകിസ്ഥാന് പുതിയ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നോമിനേറ്റ് ചെയ്യാന്‍ പ്രതിപക്ഷം. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പാസാകുന്നതോടെ സ്ഥാനാര്‍ത്ഥിയെ നോമിനേറ്റ് ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷെഹ്ബാസ് ഷെരീഫിനെയാണ് പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്- നവാസ് (പി.എം.എല്‍-എന്‍) പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത്. പി.എം.എല്‍-എന്നിന്റെ പ്രസിഡന്റ് കൂടിയാണ് ഷെഹ്ബാസ് ഷെരീഫ്.ഭരണകക്ഷിയായ തെഹ്‌രീക് ഇ ഇന്‍സാഫ് ഔദ്യോഗികമായി നശിച്ചുവെന്ന് പി.എം.എല്‍-എന്‍ വൈസ് പ്രസിഡന്റും നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ് പ്രതികരിച്ചു. "ഇമ്രാന്‍ ഖാന്‍, നിങ്ങളുടെ ഗെയിം അവസാനിച്ചിരിക്കുന്നു," മറിയം നവാസ് പറഞ്ഞു. കളി കയ്യില്‍ നിന്നും നഷ്ടപ്പെട്ട സ്ഥിതിക്ക് ആരും തന്റെ രക്ഷക്ക് വരില്ല എന്ന് ഇമ്രാന്‍ ഖാന്‍ മനസിലാക്കിയിരിക്കുന്നെന്നും മറിയം നവാസ് കൂട്ടിച്ചേര്‍ത്തു.
ഈ വരുന്ന വെള്ളിയാഴ്ചയായിരിക്കും പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുക. ഇക്കഴിഞ്ഞ മാര്‍ച്ച്‌ എട്ടിനായിരുന്നു പ്രതിപക്ഷത്തെ പ്രധാനപ്പെട്ട നേതാക്കളായ മൗലാന ഫസലുര്‍ റഹ്മാന്‍, ആസിഫ് സര്‍ദാരി, ഷെഹബാസ് ഷെരീഫ് എന്നിവര്‍ അവിശ്വാസ പ്രമേയ അവതരണത്തിന് നേതൃത്വം നല്‍കിയത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച്‌ നിര്‍ത്തുന്നതിലും വിലക്കയറ്റം തടയുന്നതിലും പ്രധാനമന്ത്രി എന്ന നിലയില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടു എന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.അതേസമയം, ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയിലെ 24 എം.പിമാര്‍ ഇമ്രാന്‍ ഖാനുള്ള പിന്തുണ പിന്‍വലിച്ചതായും പ്രമേയത്തില്‍ ഇമ്രാന്‍ ഖാനെതിരെ വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Related News