Loading ...

Home International

മക്ക ഹറമിലെ റമദാന്‍ പ്രവര്‍ത്തന പദ്ധതികള്‍ പ്രഖ്യാപിച്ചു

ജിദ്ദ: ഇരുഹറം കാര്യാലത്തിന്​ കീഴിലെ റമദാന്‍ പ്രവര്‍ത്തന പദ്ധതികള്‍ ​പ്രഖ്യാപിച്ചു. ഇരുഹറം കാര്യാലയ ആസ്ഥാനത്ത്​ വാര്‍ത്താ മന്ത്രി ഇന്‍ചാര്‍ജ്ജ്​ ഡോ.മാജിദ്​ ബിന്‍ അബ്​ദുല്ല അല്‍ഖസബിയുടെയും നിരവധി മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാന്‍ അല്‍സുദൈസാണ്​ പദ്ധതി പ്രഖ്യാപനം നടത്തിയത്​. കോവിഡ്​ മുന്‍കരുല്‍ നടപടികള്‍ ഭാഗികമായി എടുത്ത കളഞ്ഞ ശേഷമുള്ള റമദാനിലെ പ്രവര്‍ത്തന പദ്ധതി ഇരുഹറം കാര്യാലയ ചരി​​​ത്രത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തന പദ്ധതിയായാണ്​ വിലയിരുത്തപ്പെടുന്നത്​.ആരോഗ്യ പരിസ്ഥിതിക്കായി കോവിഡ്​ മൂര്‍ധന്യത്തിലും അതിനും മുമ്പും നടത്തികൊണ്ടിരിക്കുന്ന അണുനശീകരണ, ശുചീകരണ ജോലികള്‍ തുടരുമെന്ന്​ ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. ഹറമിലെത്തുന്നവര്‍ക്ക്​ കര്‍മങ്ങള്‍ സുഗമമാക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി പരമാവധി സുഖസൗകര്യങ്ങള്‍ കൈവരിക്കുന്നതിനും സംരംഭങ്ങളും പ്രോഗ്രാമുകളും സേവനങ്ങളും വൈവിധ്യവത്കരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്​. വിവിധ മേഖകളിലെ സേവനങ്ങള്‍ക്ക്​ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകള്‍ സജ്ജമാക്കുന്നതിനും പ്രോഗ്രാമുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനും ഇലക്‌ട്രോണിക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിനും പ്രവര്‍ത്തിച്ചിട്ടുണ്ട്​. തീര്‍ഥാടകര്‍ക്ക് ഫലപ്രദമായി സേവനം നല്‍കുന്നതിന് ഹറമിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി സ്മാര്‍ട്ട് റോബോട്ടുകളെ സേവനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും ഇരുഹറം കാര്യാലയ മേധാവി ചൂണ്ടിക്കാട്ടി.
റമദാനില്‍ തീര്‍ഥാടകരെയും സന്ദര്‍ശകരെയും സേവിക്കുന്നതിനായി ഇരുഹറം കാര്യാലയം അതിന്റെ എല്ലാ മാനുഷിക ഊര്‍ജ്ജങ്ങളും വിനിയോഗിക്കും. പുരുഷന്മാരും സ്​ത്രീകളുമായി ഏകദേശം 12,000 പേര്‍ സേവനത്തിനുണ്ടാകും. ഗൈഡന്‍സ്​, ഓപറേഷന്‍, ടെക്​നിക്കല്‍, എന്‍ജിനീയറിങ്​, മീഡിയ എന്നീ മേഖലകളില്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ഒരുക്കിയിട്ടുണ്ട്​. മൂന്നാം സൗദി വിപുലീകരണത്തിന്റെ മുഴുവന്‍ സാധ്യതകളും കിങ്​ ഫഹദ്​ വികസന ഭാഗത്തെ മുഴുവന്‍ നിലകളും മുഴുവന്‍ മുറ്റങ്ങളും ആളുകളുടെ സുഗമമായ പോക്കുവരവുകളും ആരോഗ്യ സുരക്ഷയും ഉറപ്പാക്കി ഉപയോഗപ്പെടുത്തും.മതാഫി​ലെ മുറ്റവും താഴത്തെ നിലയും ബേസ്‌മെന്‍റ്​ ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായിരിക്കും. ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ ഹറമില്‍ ഇഫ്താറുണ്ടാകും. നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ഇഫ്​താറിന്​ 2,000 അനുമതിപത്രങ്ങള്‍ നല്‍കും. ഹറമില്‍ പ്രഭാഷണങ്ങളും പഠനങ്ങളും തയ്യാറാക്കിയിട്ടുണ്ട്​. മുതിര്‍ന്ന പണ്ഡിത സഭയിലെ എട്ട്​ പണ്ഡിതന്മാരടക്കമുള്ള പ്രമുഖര്‍ പഠന ക്ലാസുകള്‍ക്ക്​ നേതൃത്വം നല്‍കും. രാജ്യത്തെ തെക്കന്‍ അതിര്‍ത്തികളില്‍ നിലയുറപ്പിരിച്ചിക്കുന്ന സൈനികര്‍ക്ക്​ റമദാനില്‍ സംസം എത്തിക്കുമെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

Related News