Loading ...

Home International

രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ പസഫിക് ദ്വീപ് രാഷ്ട്രമായ സമോവ

അപീയ: പ്രാദേശികതലത്തില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ പസഫിക് ദ്വീപ് രാഷ്ട്രമായ സമോവ.
കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകം കൊവിഡിന് മുന്നില്‍ വിറങ്ങലിച്ച്‌ നിന്നപ്പോഴും തദ്ദേശീയമായി ഒരൊറ്റ കേസ് പോലുമില്ലാതെ സമോവ കടന്നുപോയിരുന്നു. സമോവയിലെ ഉപോലു ദ്വീപിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടല്‍, വ്യോമ മാര്‍ഗങ്ങളിലുള്ള അന്താരാഷ്ട്ര യാത്രകള്‍ സമോവയില്‍ നിറുത്തിവച്ചു.ഇന്നലെ ആരംഭിച്ച ലോക്ക്ഡൗണ്‍ നാല് ദിവസത്തേക്കാണ് നടപ്പാക്കുന്നത്. സമീപ ദ്വീപായ ഫിജിയിലേക്ക് യാത്ര തിരിക്കാനൊരുങ്ങിയ 29കാരിയ്ക്കാണ് കൊവിഡ് പോസിറ്റീവായത്.അവശ്യസേവനങ്ങള്‍ ഒഴികെ മറ്റെല്ലാത്തിനും നിരോധനമുണ്ട്. സ്കൂളുകള്‍ അടച്ചു. പൊതുസ്ഥലത്ത് കൂട്ടംകൂടുന്നത് നിരോധിച്ചു. ആളുകള്‍ വാക്സിനേഷന്‍ കാര്‍ഡുകള്‍ കൈയ്യില്‍ കരുതുകയും മാസ്ക് ധരിക്കുകയും വേണം. സമോവയിലെ ജനസംഖ്യയുടെ 90 ശതമാനം പേരും പൂര്‍ണ വാക്സിനേറ്റഡ് ആണ്.സമോവയില്‍ ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ജനുവരിയില്‍ ഓസ്ട്രേലിയയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനില്‍ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അതേ സമയം, 2020 നവംബറിലാണ് സമോവയിലേക്ക് വിദേശത്ത് നിന്നെത്തിയ ഒരു വ്യക്തിയില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത്. സമാനരീതിയില്‍ 40 ലേറെ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related News