Loading ...

Home National

ലോകത്തിലെ ആദ്യത്തെ രാമായണ്‍ സര്‍വകലാശാല ബീഹാറില്‍ വരുന്നു

പട്ന: ലോകത്തിലെ ആദ്യത്തെ രാമായണ്‍ സര്‍വകലാശാല ബീഹാറില്‍ വരുന്നു. രാമായണത്തെക്കുറിച്ചുള്ള അഞ്ച് വര്‍ഷത്തെ കോഴ്‌സും ഉപനിഷത്തുകള്‍, വേദങ്ങള്‍, ഗീത എന്നിവയെക്കുറിച്ചുള്ള ആറ് മാസ കോഴ്‌സുകളുമാണ് സര്‍വകലാശാലയില്‍ ഉണ്ടായിരിക്കുകയെന്ന് മഹാബീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുനാല്‍ പറഞ്ഞു.ബിഹാര്‍ പ്രൈവറ്റ് യൂണിവേഴ്‌സിറ്റി ആക്‌ട് 2013 പ്രകാരമാണ് രാമായണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതെന്നും കിഷോര്‍ കുനാല്‍ പറഞ്ഞു. സര്‍വകലാശാല നിര്‍മ്മാണത്തിന് ക്ഷേത്രം ട്രസ്റ്റ് ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 10 ലക്ഷം രൂപ നല്‍കിയതായും കൊന്‍ഹര ഘട്ട് മഠം സര്‍വകലാശാലക്ക് 12.5 ഏക്കര്‍ ഭൂമി അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലൈ മുതല്‍ രാമായണ്‍ സര്‍വകലാശാല ബീഹാറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാമായണത്തെയും അനുബന്ധ വിഷയങ്ങളെയും കുറിച്ചുള്ള ഗവേഷണങ്ങള്‍ സര്‍വകലാശാലയില്‍ നടത്തുമെന്നും കാമ്ബസില്‍ ഐടി, വൈഫൈ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിലബസില്‍ ജ്യോതിശാസ്ത്രം, ജ്യോതിഷം, ഹിന്ദു പുരാണങ്ങള്‍ എന്നിവയും തമിഴ് രാമായണം, മറാത്തി രാമായണം,വാല്‍മീകി രാമായണം തുടങ്ങിയ വിവിധ രാമാ‍യണ പഠനങ്ങളും ഉള്‍പ്പെടുമെന്ന് കുനാല്‍ പറഞ്ഞു. ഇതുകൂടാതെ തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ രാമായണ കൈയെഴുത്തുപ്രതികളും സിലബസില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

Related News