Loading ...

Home International

ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ: ഭക്ഷണത്തിനായി 100 കോടി ഡോളര്‍

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായ ഹസ്തം നീട്ടി ഇന്ത്യ. ഭക്ഷണത്തിനും അവശ്യസാധനങ്ങള്‍ക്കുമായി ശ്രീലങ്കയ്ക്ക് നൂറ് കോടി ഡോളറിന്റെ അടിയന്തര സഹായം നല്‍കുന്ന കരാറില്‍ ഇന്ത്യ ഉടന്‍ ഒപ്പുവയ്ക്കും.ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രാജപക്സെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണിത്. ത്രിദിന സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ രാജപക്സെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
പാലാലി വിമാനത്താവളത്തിന്റെയും കാങ്കസന്‍തുറൈ തുറമുഖത്തിന്റെയും സംയുക്ത വികസനം സംബന്ധിച്ച മുന്‍ നിര്‍ദ്ദേശങ്ങള്‍ അന്തിമമാക്കാന്‍ ശ്രീലങ്കയെ പ്രേരിപ്പിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. തമിഴ്‌നാട് തീരത്തോട് ചേര്‍ന്നുള്ള ജാഫ്‌ന ഉപദ്വീപിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. മോദിയും രാജപക്സെയും 'വിപുലമായ ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും ടൂറിസം, മത്സ്യബന്ധനം എന്നിവയ്ക്ക് പുറമെ ഊര്‍ജ്ജമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും സംസാരിച്ചതായും ശ്രീലങ്കന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു.2020 ഡിസംബറിലെ രജപക്സെയുടെ ഇന്ത്യാ സന്ദര്‍ശത്തിന് ശേഷം ഇന്ത്യ 1.4 ലക്ഷം കോടി ഡോളര്‍ സഹായമാണ് ഇതുവരെ ശ്രീലങ്കയ്ക്ക് നല്‍കിയിട്ടുള്ളത്.

Related News