Loading ...

Home National

അസനി: ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റ്, ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, കടല്‍ പ്രക്ഷുബ്ധമാകും


ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ അസനി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്.
ഈ മാസം 21ന് ദ്വീപ സമൂഹത്തിലെത്തുന്ന അസനി ബംഗ്ലാദേശിലേക്കും തുടര്‍ന്ന് മ്യാന്മറിലേക്കും നീങ്ങും. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് അസനി ചുഴലിക്കാറ്റായി മാറുക. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രക്ഷുബ്ധമാകാന്‍ സാദ്ധ്യതയുണ്ട്.തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്തുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ച രാവിലെയോടെ കിഴക്ക്-വടക്കുകിഴക്ക് ദിശയില്‍ നീങ്ങും. തുടര്‍ന്ന് ഈ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മദ്ധ്യേ തുടരും. പിന്നീട് വടക്കോട്ട് നീങ്ങി ഞായറാഴ്ചയോടെ ശക്തിയാര്‍ജ്ജിക്കും. മാര്‍ച്ച്‌ 21ന് ഇത് ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റ് മാര്‍ച്ച്‌ 22ന് രാവിലെയോടെ ബംഗ്ലാദേശ്-വടക്ക് മ്യാന്‍മര്‍ തീരത്ത് എത്താന്‍ സാദ്ധ്യതയുണ്ട്. നിലവില്‍ കടല്‍ പ്രക്ഷുബ്ദമാണ്. എന്നാല്‍ നാളെയോടെ കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ കടലില്‍ പോകുന്നത് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കടലില്‍ പോകുന്നത് നിര്‍ത്തിവയ്‌ക്കാനും ഐഎംഡി നിര്‍ദ്ദേശം നല്‍കി.

Related News