Loading ...

Home International

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ യു.എ.ഇയി​ല്‍ എത്തി സഹകരണം ശക്തിപ്പെടുത്തുന്നതിനായി വിവിധ വിഷയത്തിൽ ചർച്ച നടത്തി

അബൂദബി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ യു.എ.ഇയിലെത്തി. ബുധനാഴ്ച ഉച്ചയോടെ യു.എ.ഇയിലെത്തിയ അദ്ദേഹം രാത്രിയോടെ സൗദിയിലേക്ക് പോയി.യു.എ.ഇ പ്രസിഡന്‍റി‍െന്‍റ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷും മുതിര്‍ന്ന ഉദ്യോഗസ്ഥരും അബൂദബി വിമാനത്താവളത്തില്‍ ബോറിസ് ജോണ്‍സനെ സ്വീകരിച്ചു. തുടര്‍ന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും മേഖലയിലെയും ആഗോളതലത്തിലെയും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. അബൂദബി അല്‍ ഷാദി പാലസിലായിരുന്നു ചര്‍ച്ച.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂം ബിന്‍ സായിദ് ആല്‍ നഹ്യാനും ചര്‍ച്ചയില്‍ സംബന്ധിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, മേഖലയിലും ആഗോളതലത്തിലും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ചര്‍ച്ച. ഉക്രൈനിലെ പ്രതിസന്ധികളെ കുറിച്ച്‌ ഇരുനേതാക്കളും വിശദ ചര്‍ച്ച നടത്തി. ഉക്രൈനിലെ സിവിലിയന്‍മാര്‍ക്ക് മാനുഷിക പിന്തുണ നല്‍കുന്നത് സംബന്ധിച്ചും സംസാരിച്ചു. ആഗോള എണ്ണവിപണിയുടെ സ്ഥിരത സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഉക്രൈനില്‍ നടത്തുന്ന ആക്രമണങ്ങളുടെ പേരില്‍ യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയുടെ എണ്ണവിതരണം വിലക്കിയ സാഹചര്യത്തിലായിരുന്നു ഊര്‍ജ വിപണിയുടെ സ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നുവന്നത്.

Related News