Loading ...

Home International

ഡിനിപ്രോ വിമാനത്താവളം തകര്‍ത്ത് റഷ്യ; കിയവില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു

യുക്രൈൻ:ഡിനിപ്രോ വിമാനത്താവളം തകര്‍ത്ത് റഷ്യയുടെ റോക്കറ്റ് ആക്രമണം. റീജിയണല്‍ ഗവര്‍ണര്‍ വാലന്റൈന്‍ റെസ്‌നിചെങ്കോയാണ് ഇക്കാര്യം അറിയിച്ചത്.ആക്രമണത്തില്‍ റണ്‍വേയും ടെര്‍മിനലും തകര്‍ന്നു. ശക്തമായ ആക്രമണമാണ് നടന്നതെന്നും നഷ്ടങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്നും അവസാനം വിജയമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.അതിനിടെ കിയവില്‍ 35 മണിക്കൂര്‍ കര്‍ഫ്യു ഏര്‍പെടുത്തി. ചൊവ്വാഴ്ച രാത്രി മുതല്‍ കിയവില്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു. റഷ്യയുടെ കടുത്ത ആക്രമണത്തിനിടെ സൈനിക കമാന്റിന്റെ തീരുമാനപ്രകാരമാണ് കര്‍ഫ്യു ഏര്‍പെടുത്തിയത്.ചൊവ്വാഴ്ച പുലര്‍ച്ചയോടെ കീവില്‍ രണ്ട് വലിയ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അപകടകരമായ നിമിഷത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ മാധ്യമങ്ങളോട് പറഞ്ഞു. യുക്രൈന്റെ തലസ്ഥാനമായ കീവില്‍ പ്രതിരോധം തുടരും. കീവ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കര്‍ഫ്യൂ സമയത്ത് ആളുകള്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ നല്‍കി. ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ മാത്രമാണ് ജനങ്ങള്‍ക്ക് അനുമതിയുള്ളതെന്ന് അവര്‍ പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് മരണം സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.യുക്രൈനില്‍ റഷ്യയുടെ ആക്രമണം തുടരുകയാണ്. തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനാണ് റഷ്യയുടെ ഊര്‍ജിതശ്രമം. കിയവിന്റെ സമീപമെത്തിയ തങ്ങളുടെ സേന ഇന്നലെ 11 കിലോമീറ്റര്‍ മുന്നേറിയതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു.
അതേസമയം റഷ്യയെ സഹായിച്ചാല്‍ ചൈന ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് ജെയ്ക് സള്ളിവന്‍ മുന്നറിയിപ്പ് നല്‍കി. യുക്രൈനിന്റെ കരിങ്കടല്‍ തീരമേഖലയില്‍ നിയന്ത്രണമുറപ്പിച്ച റഷ്യ, കടല്‍വഴിയുള്ള വ്യാപാരത്തില്‍നിന്നും യുക്രൈനെ ഒറ്റപ്പെടുത്തിയതായി യു.കെ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. അതിനിടെ രാജ്യത്തെ പ്രതിരോധിക്കുന്നവരെ പ്രശംസിച്ച്‌ യുക്രൈന്‍ പ്രതിരോധമന്ത്രിയും രംഗത്തെത്തി. ഒപ്പം വ്യോമ, മിസൈല്‍ ശേഷി ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും ഒലെന്‍സ്‍കി റെസ്‍നികോവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി ഇന്ന് യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും.

Related News