Loading ...

Home International

ഇഫ്​താര്‍ പരിപാടികള്‍ക്ക്​ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇഫ്താര്‍ പരിപാടികള്‍ക്കും റമദാന്‍ ക്യാമ്പുകള്‍ക്കും ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി.
രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം ഇഫ്താര്‍ സംഗമങ്ങള്‍ക്ക് അധികൃതര്‍ അനുമതി നല്‍കുന്നത്.കഴിഞ്ഞ രണ്ടു റമദാന്‍ സീസണുകളിലും കോവിഡ് നിയന്ത്രണങ്ങള്‍മൂലം സമൂഹ നോമ്പുതുറകള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വൈറസ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് ഇഫ്താര്‍ സംഗമങ്ങള്‍ ആകാമെന്ന നിലപാടിലേക്ക് ആരോഗ്യ മന്ത്രാലയം എത്തിയത്.
സമൂഹ ഇഫ്താര്‍ ഉള്‍പ്പെടെയുള്ള റമദാന്‍ കാലപ്രവര്‍ത്തനങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്ന തരത്തില്‍ രാജ്യത്തെ ആരോഗ്യ സാഹചര്യം തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. ബുതൈന അല്‍ മുദഫ് വ്യക്തമാക്കി. ഇതോടെ പള്ളികളോടനുബന്ധിച്ചും അല്ലാതെയുമുള്ള ഇഫ്താര്‍ തമ്പുകളും മറ്റും ഇത്തവണ സജീവമാകും. രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ ആരാധനകള്‍ക്കു പള്ളികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഔഖാഫ് മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു.പള്ളികളിലെ തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‍കാരങ്ങള്‍, പഠന ക്ലാസുകള്‍, പ്രഭാഷണങ്ങള്‍ എന്നിവക്കായി ഔഖാഫ് മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്.

Related News