Loading ...

Home International

സാധാരണ ജീവിതത്തിലേക്ക് ബ്രിട്ടന്‍:മാസ്കും സാമൂഹിക അകലവും ഒഴിവാക്കി

ലണ്ടന്‍: കോവിഡിന്റെ പേരില്‍ ഇനി ബ്രിട്ടനില്‍ യാത്രാനിയന്ത്രണങ്ങളില്ല. മാസ്കും സാമൂഹിക അകലവും ഒഴിവാക്കി സാധാരണ ജീവിതത്തിലേക്ക് നേരത്തെ കടന്ന ബ്രിട്ടനില്‍ അവശേഷിച്ചിരുന്ന അപൂര്‍വം യാത്രാനിയന്ത്രണങ്ങളും ഈ വെള്ളിയാഴ്ച മുതല്‍ ഇല്ലാതാകും.വിദേശത്തുനിന്നും ബ്രിട്ടനിലേക്കുള്ള യാത്രയ്ക്കു മുമ്പ് പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം പൂരിപ്പിക്കണമെന്നും രണ്ടു ഡോസ് വാക്സീന്‍ എടുക്കാത്തവര്‍ കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് റിസള്‍ട്ട് നല്‍കണമെന്നുമുള്ള നിബന്ധനകളാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മുതല്‍ ഇല്ലാതാകുന്നത്. ഇതോടെ ബ്രിട്ടനിലേക്കുള്ള രാജ്യാന്തര യാത്രകളെല്ലാം കോവിഡ് കാലത്തിനു മുമ്പുണ്ടായിരുന്നതിന് സമാനമാകും.
ബ്രിട്ടനില്‍ വസന്തകാലത്ത് വിനോദസഞ്ചാരത്തിന് എത്താന്‍ കാത്തിരിക്കുന്നവര്‍ക്കും വേനല്‍ അവധിക്ക് വിദേശങ്ങളിലേക്ക് യാത്രപോകാന്‍ കാത്തിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടയുള്ളവര്‍ക്കും ആശ്വാസവും ആഹ്ലാദവും പകരുന്ന വാര്‍ത്തയാണിത്.
ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സാണ് യാത്രാനിയന്ത്രണള്‍ നീക്കുന്നകാര്യം അറിയിച്ചത്. ബ്രിട്ടന്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയെങ്കിലും മറ്റു രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ അതത് രാജ്യങ്ങളിലെ ട്രാവല്‍ നിയന്ത്രണങ്ങള്‍ മനസിലാക്കിവേണം യാത്രകള്‍ക്ക് തയാറെടുക്കാന്‍ എന്ന് മന്ത്രി ഓര്‍മിപ്പിച്ചു.


Related News