Loading ...

Home International

യുക്രൈനുമായുള്ള ചര്‍ച്ചയില്‍ ഗുണകരമായ മാറ്റമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍

യുക്രൈനുമായി റഷ്യ നടത്തുന്ന ചര്‍ച്ചയില്‍ ഗുണകരമായ മാറ്റമുണ്ടെന്ന് പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിന്‍. ബലറൂസ് പ്രസിഡന്‍റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയോടൊപ്പമുള്ള ടെലിവിഷന്‍ അഭിമുഖത്തിലാണ് പുടിന്റെ പ്രതികരണം.
യുക്രൈനെതിരെ യുദ്ധം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന തങ്ങളുടെ പ്രതിനിധികള്‍ ഗുണകരമായ ചര്‍ച്ച നടക്കുന്നതായി അറിയിച്ചുവെന്നാണ് പുടിന്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ മിക്കദിവസവും ചര്‍ച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 24 ന് യുക്രൈനിലേക്ക് റഷ്യന്‍ സൈന്യം അധിനിവേശം തുടങ്ങിയ ശേഷം നിരവധി തവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. വ്യാഴാഴ്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവും യുക്രൈന്റെ ദിമിത്രോ കുലേബയും തുര്‍ക്കിയില്‍ വെച്ച്‌ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പുരോഗതിയുണ്ടായിരുന്നില്ല. യുദ്ധത്തില്‍ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ട് മില്യണ്‍ ജനങ്ങള്‍ പലായനം ചെയ്യുകയും ചെയ്തു.
യുദ്ധം തുടങ്ങിയതോടെ തങ്ങള്‍ക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്ന് പുടിന്‍ പറഞ്ഞു. ഏറെ ഉപരോധങ്ങള്‍ അനുഭവിച്ച സോവിയറ്റ് റഷ്യന്‍ തലമുറയില്‍പ്പെട്ടവരാണ് തങ്ങളെന്നും അന്ന് നാട് ശക്തിപ്പെടുകയാണുണ്ടായതെന്നും ലുകാഷെങ്കോ പറഞ്ഞു. കിഴക്കന്‍ യുക്രൈനിലെ സാധാരണക്കാരെ കൊല്ലുന്നതിലും നാറ്റോ വിപുലീകരണത്തിലുമുള്ള തങ്ങളുടെ ആശങ്കകള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പരിഗണിക്കാതെ യുദ്ധം അവസാനിക്കില്ലെന്നാണ് റഷ്യ തീര്‍ത്തുപറഞ്ഞിരിക്കുന്നത്. റഷ്യയുടെ അയല്‍രാജ്യങ്ങളെ നാറ്റോയില്‍ അംഗങ്ങളാക്കാനുള്ള യുഎസ് ശ്രമമാണ് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

Related News