Loading ...

Home USA

പ്രഭാതത്തില്‍ പുത്തനുണര്‍വു നല്‍കാന്‍ കാപ്പിയേക്കാള്‍ ഉത്തമം ബൈബിള്‍ വായന

വാഷിംഗ്ടണ്‍: പ്രഭാതത്തില്‍ ഒരു കപ്പു കാപ്പി കുടിച്ചു ദിവസം ആരംഭിക്കുന്നതിനേക്കാള്‍ ഉത്തേജനം നല്‍കുന്നത് ബൈബിള്‍ വായിച്ചു ദിവസം ആരംഭിക്കുന്നതാണെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി ബാര്‍ണ ഗ്രൂപ്പ് സംഘടിപ്പിച്ച സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേരാണ് ഇതു സംബന്ധിച്ചു സാക്ഷ്യം നല്‍കിയത്. രാവിലെ ഏറ്റവും കൂടുതല്‍ ഉത്തേജനം നല്‍കുന്നത് ബൈബിള്‍ വായന ആണെന്നും കാപ്പി, മധുരം, സോഷ്യല്‍ മീഡിയ തുടങ്ങിയവ ഇതിനു പിന്നിലാണെന്നും സര്‍വേയില്‍ പങ്കെടുത്ത ക്രൈസ്തവ വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തി. 37 ശതമാനം കോഫിക്കും 28 ശതമാനം മധുര പലഹാരങ്ങള്‍ക്കും 19 ശതമാനം സോഷ്യല്‍ മീഡിയയ്ക്കും പ്രാധാന്യം നല്‍കുന്നു. 

സമാധാനവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും വാഗ്ദാനം ചെയ്യുന്നതില്‍ ബൈബിളിന് മുഖ്യസ്ഥാനമാണുള്ളതെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ബൈബിള്‍ വായന ദിവസം ആരംഭിക്കുന്നതിനുള്ള ഉൗര്‍ജത്തിന്‍റെ ഉറവിടവും പുതിയ ദിവസത്തെക്കുറിച്ചുള്ള ദീര്‍ഘവീഷണവും പ്രദാനം ചെയ്യുന്നതാണെന്നു സര്‍വേ ഫലങ്ങളെ വിലയിരുത്തി അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി പ്രസിഡന്‍റ് റോയ് പീറ്റേഴ്സണ്‍ അഭിപ്രായപ്പെട്ടു.

ബൈബിളുമായി ബന്ധപ്പെടുന്നവരുടേയും അല്ലാത്തവരുടേയും ജീവിതം തികച്ചും ഭിന്നമാണെന്ന് റോയ് പീറ്റേഴ്സണ്‍ പറഞ്ഞു. ബൈബിളിനെക്കുറിച്ചുള്ള അവബോധം അമേരിക്കന്‍ ജനതയില്‍ കൂടുതല്‍ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും അതിനുള്ള ശ്രമങ്ങളാണ് ബൈബിള്‍ സൊസൈറ്റി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related News