Loading ...

Home National

യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമായി വൈസ് ചാന്‍സലറെ നിയമിക്കാന്‍ പാടില്ലെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി ∙ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളാണെങ്കിലും യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമായി വൈസ് ചാന്‍സലറെ നിയമിക്കാന്‍ പാടില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.വിദ്യാഭ്യാസം ഭരണഘടനയുടെ പൊതുപട്ടികയില്‍പെടുന്നതിനാല്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാകും. ഇതുപ്രകാരം യുജിസി ചട്ടം ലംഘിച്ചുള്ള നിയമനം നടന്നാല്‍, പൊതുതാല്‍പര്യം സംരക്ഷിക്കുന്നതിന് ഏതു പൗരനും കോടതിയെ സമീപിക്കാവുന്നതാണെന്നും ജഡ്ജിമാരായ എം.ആര്‍.ഷാ, ബി.വി.നാഗരത്ന എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമര്‍ശം.

യുജിസി നിബന്ധന പ്രകാരം, വിസി നിയമനത്തിന് പ്രഫസര്‍ എന്ന നിലയില്‍ 10 വര്‍ഷത്തെ അധ്യാപക പരിചയം ആവശ്യമാണ്. ഇതിനു പുറമേ, യോഗ്യതയുള്ള പേരുകള്‍ സേര്‍ച് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുകയും വേണം. ചാന്‍സലര്‍, യുജിസി ചെയര്‍മാന്റെ പ്രതിനിധി, സിന്‍ഡിക്കറ്റ് പ്രതിനിധി എന്നിവരാണ് സേര്‍ച് കമ്മിറ്റി അംഗങ്ങള്‍. എന്നാല്‍, സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാലയിലെ ഇപ്പോഴത്തെ വിസിയെ 2008 ല്‍ നിയമിക്കുമ്ബോള്‍ സേര്‍ച് കമ്മിറ്റിയില്‍ യുജിസി ചെയര്‍മാന്റെ പ്രതിനിധി ഉണ്ടായിരുന്നില്ലെന്നും യുജിസി ചട്ടത്തില്‍ വെള്ളം ചേര്‍ക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളി.

യുജിസി ചട്ടം ഗുജറാത്ത് സ്വീകരിച്ചിട്ടില്ലെന്നും യോഗ്യത മാനദണ്ഡം സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാലയ്ക്കു ബാധകമല്ലെന്നുമുള്ള വാദം അംഗീകരിച്ചായിരുന്നു ഇത്. അതേസമയം, യുജിസി ചട്ടം സ്വീകരിക്കാനും ഇതിനനുസരിച്ചു സംസ്ഥാന സര്‍വകലാശാല നിയമത്തില്‍ മാറ്റം വരുത്താനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.

Related News