Loading ...

Home National

ഗോവ തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച അറിയാം

പനാജി: ഗോവയിലെ തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച രാവിലെയോടെ തന്നെ അറിയാന്‍ സാധിച്ചേക്കും. ഈ തെരഞ്ഞെടുപ്പിലെ 40 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഒറ്റയടിക്ക് നടക്കുന്നതിനാല്‍ ഗോവക്കാര്‍ക്ക് ഫലത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ മാര്‍ച്ച്‌ 10 ന് രാവിലെ 8 മണിക്ക് ആരംഭിക്കും, 11 മണിയോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് ആദ്യമായാണ് ഗോവയില്‍ എല്ലാ മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒരുമിച്ച്‌ നടക്കുന്നത്. നേരത്തെ പല റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടന്നിരുന്നത്. നോര്‍ത്ത് ഗോവയിലെ വോട്ടെണ്ണല്‍ പനാജിയിലെ അല്‍ടിഞ്ഞോയിലെ ഗവണ്‍മെന്റ് പോളിടെക്‌നിക്കിലും സൗത്ത് ഗോവയില്‍ മര്‍ഗോവിലെ ദാമോദര്‍ കോളേജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇക്കണോമിക്‌സിലും ആയാണ് നടക്കുന്നത്. സംസ്ഥാനത്തെ 40 മണ്ഡലങ്ങളില്‍ 19 മണ്ഡലങ്ങള്‍ നോര്‍ത്ത് ഗോവയിലും 21 എണ്ണം സൗത്ത് ഗോവയിലും ആണ് . വോട്ടെണ്ണലിനായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്, അവര്‍ ഫെബ്രുവരി 7 ന് ഗോവയിലെത്തുമെന്നാണ് പ്രതീക്ഷ.

എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഒരുമിച്ച്‌ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് നോര്‍ത്ത്, സൗത്ത് ഗോവ കളക്ടര്‍മാരായ അജിത് റോയ്, രുചിക കത്യാല്‍ എന്നിവര്‍ പറഞ്ഞു. രാവിലെ എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ എണ്ണിത്തുടങ്ങും. 8.30ന് ഇവിഎമ്മുകളുടെ എണ്ണല്‍ ആരംഭിക്കുമെന്നും റോയ് പറഞ്ഞു. വോട്ടെണ്ണലിനായി ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിരീക്ഷകരോടൊപ്പം ഞങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു.

ഇവിഎമ്മുകളില്‍ ആരും കൃത്രിമം കാണിക്കില്ല എന്ന് സ്ഥാനാര്‍ത്ഥികളെയും കൗണ്ടിംഗ് ഏജന്റുമാരെയും ബോധ്യപ്പെടുത്താന്‍ സ്‌ട്രോങ് റൂമില്‍ ക്യാമറകള്‍ സ്ഥാപിക്കുകയും സ്‌ക്രീനുകള്‍ സ്ഥാപിക്കുകയും ചെയ്‌തു. അടുത്ത കാലത്ത് ഗോവ കണ്ട ഏറ്റവും വാശിയാറിയ തിരഞ്ഞെടുപ്പാണ് ഫെബ്രുവരി 14 ന് അവസാനിച്ചത്. ഏകദേശം 9.2 ലക്ഷം അല്ലെങ്കില്‍ 79% വോട്ടര്‍മാര്‍ അവരുടെ വോട്ടവകാശം വിനിയോഗിച്ചു.

സംസ്ഥാനത്ത് കോണ്‍ ഗ്രസിന് സംഘടിക്കാന്‍ കഴിഞ്ഞത് മൂന്നാം വട്ടം ഭരിക്കാന്‍ തയ്യാറെടുക്കുന്ന ബിജെപിക്ക് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. കോണ്‍ ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ് തന്നെയാണ് ബിജെപി ഗോവയില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. നിര്‍ണായകമായ മിക്ക മണ്ഡലങ്ങളിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. എഎപിയുടെയും ടിഎംസിയുടെയും ഈ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

Related News