Loading ...

Home National

ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ളത് ചൈനയില്‍

ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനു പിന്നാലെ രാജ്യത്ത് ചര്‍ച്ചയാകുന്നത് അവിടങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കുറിച്ചാണ്.കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധ മുഴുവനും. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് തിരികെയെത്തിയത്. യുക്രൈനില്‍ മാത്രം പതിനെട്ടായിരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍. മെഡിക്കല്‍ പഠനത്തിനായാണ് വിദ്യാര്‍ത്ഥികള്‍ പ്രധാനമായും യുക്രൈനിലെത്തുന്നത്.

കൂടുതല്‍ ചൈനയില്‍

യുക്രൈനിലല്ല, ചൈനയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 23,000 പേരാണ് ചൈനയിലുള്ളത്. യുക്രൈനില്‍ പതിനെട്ടായിരം പേരും റഷ്യയില്‍ 16500 പേരുമുണ്ട്. ഫിലിപ്പൈന്‍സ് 15,000, കിര്‍ഗിസ്ഥാന്‍ 10,000, ജോര്‍ജിയ 7500, ബംഗ്ലാദേശ് 5200, കസാക്കിസ്ഥാന്‍ 5200, പോളണ്ട് 4000, അര്‍മീനിയ 3,000 എന്നിങ്ങനെയാണ് മറ്റു വിദേശരാഷ്ട്രങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കണക്ക്.

'ഒരുപാട് ചെറിയ രാഷ്ട്രങ്ങള്‍ മെഡിസിന്‍ വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ ഒരുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ചെറുനഗരങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അര്‍മീനിയ, മംഗോളിയ തുടങ്ങിയരാഷ്ട്രങ്ങളിലേക്ക് മെഡിക്കല്‍ പഠനത്തിന് പോകാന്‍ സന്നദ്ധമാണ്.' - വിദ്യാഭ്യാസ കണ്‍സല്‍ട്ടന്റായ കരണ്‍ ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

എന്തു കൊണ്ട് വിദേശത്തേക്ക്?

സ്വകാര്യമേഖലയിലെ മെഡിക്കല്‍ പഠനം ഇന്ത്യയില്‍ ചെലവേറിയതാണ് വിദ്യാര്‍ത്ഥികളെ വിദേശത്തേക്ക് ആകര്‍ഷിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും മറ്റൊരു കാരണമാണ്. കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ട് ഫീസ് ഘടനയിലുള്ള സീറ്റുകളാണ് എം.ബി.ബി.എസ് പ്രവേശനത്തിനുള്ളത്. 85 ശതമാനം സീറ്റില്‍ നീറ്റ് മെറിറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനത്തിന് ആറേകാല്‍ ലക്ഷം മുതല്‍ ഏഴേകാല്‍ ലക്ഷം വരെയാണ് വാര്‍ഷിക ഫീസ്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെ സ്‌പെഷല്‍ ഫീസിനത്തിലും ചെലവ് വരുന്നു.

അഞ്ചു വര്‍ഷം നീളുന്ന പഠനത്തിന് സ്വകാര്യ മെഡിക്കല്‍ കോളജില്‍ 50 ലക്ഷം രൂപ വരെ ചെലവു വരുമെന്നാണ് കണക്ക്. പതിനഞ്ചു ശതമാനം വരുന്ന എന്‍.ആര്‍.ഐ സീറ്റില്‍ വാര്‍ഷിക ഫീസ് 20 ലക്ഷം രൂപയാണ്. ഈ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ വരുന്ന ചെലവ് ഒരു കോടി രൂപക്ക് മുകളിലാണ്.

അതേസമയം, യുക്രൈനില്‍ എം.ബി.ബി.എസ് പഠനത്തിന് ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് 25 മുതല്‍ 30 ലക്ഷം രൂപ വരെയാണ് ആകെ വരുന്ന ചെലവ്. വിദേശ സര്‍വകലാശാലയിലെ പഠനം വഴി ലഭിക്കുന്ന അക്കാദമിക്/ കരിയര്‍ നേട്ടങ്ങളും വിദേശ രാജ്യങ്ങളിലെ മെഡിക്കല്‍ പഠനം തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നു.

വേണ്ടത്ര സീറ്റുകളില്ല!

ഇന്ത്യയില്‍ വേണ്ടത്ര സീറ്റുകളില്ലാത്തതാണ് വിദേശ സര്‍വകലാശാലകളിലേക്ക് ചേക്കേറാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്ന മറ്റൊരു ഘടകം. ഇതു സംബന്ധിച്ച മാധ്യമം റിപ്പോര്‍ട്ട് ഇങ്ങനെ;

ഇന്ത്യയില്‍ ഈ വര്‍ഷം മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത് 16.14 ലക്ഷം പേരാണ്. ഇതില്‍ 15.44 ലക്ഷം പേര്‍ പരീക്ഷ എഴുതുകയും 8.7 ലക്ഷം പേര്‍ യോഗ്യത നേടുകയും ചെയ്തു. ഇവര്‍ക്കായി രാജ്യത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 605 കോളജ്/ സര്‍വകലാശാലകളിലായി ആകെയുള്ളത് 90825 എം.ബി.ബി.എസ് സീറ്റുകളാണ്. 8.7 ലക്ഷം പേര്‍യോഗ്യത നേടിയതില്‍ 7.8 ലക്ഷം പേര്‍ക്കും സീറ്റില്ല. കേരളത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷം 116010 പേരാണ് നീറ്റ് പരീക്ഷ എഴുതിയത്. ഇതില്‍ 42099 പേരാണ് യോഗ്യത നേടി കേരള റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത്. കേരളത്തില്‍ 10 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി 1555ഉം 19 സ്വകാര്യ സ്വാശ്രയ കോളജുകളിലായി 2350 ഉം ഉള്‍പ്പെടെ 3905 എം.ബി.ബി.എസ് സീറ്റാണുള്ളത്. കല്‍പിത സര്‍വകലാശാല പദവിയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി അമൃത മെഡിക്കല്‍ കോളജില്‍ 100 എം.ബി.ബി.എസ് സീറ്റും ലഭ്യമാണ്. 2017 വരെ കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 50 ശതമാനം സീറ്റിലേക്ക് സര്‍ക്കാറും അവശേഷിക്കുന്നവയിലേക്ക് മാനേജ്‌മെന്‍റുകളുമായിരുന്നു പ്രവേശനം നടത്തിയിരുന്നത്- റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശത്ത് മെഡിക്കല്‍ പഠനത്തിന് പോകുന്നവരും ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി യോഗ്യത നേടണമെന്നാണ് ദേശീയ മെഡിക്കല്‍ കമീഷന്‍ നിശ്ചയിച്ച യോഗ്യത. വിദേശത്ത് കോഴ്‌സ് പൂര്‍ത്തിയാക്കി വരുന്നവര്‍ നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) എഴുതി വിജയിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനും തുടര്‍പഠനത്തിനും അനുമതി ലഭിക്കുകയുള്ളൂ.

Related News