Loading ...

Home Music

ആ പാട്ടു കേള്‍ക്കുമ്ബോള്‍ മരിച്ചുപോയ മകനെ ഓര്‍മവരും, അവനായിരുന്നല്ലോ ആദ്യത്തെ ആസ്വാദകന്‍

``യഹൂദിയായിലെ ഒരു ഗ്രാമത്തില്‍'' എന്ന ഗാനം ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരെ ദിനംപ്രതിയെന്നോണം കണ്ടുമുട്ടാറുണ്ട് എ ജെ ജോസഫ്. ക്രൈസ്തവര്‍ മാത്രമല്ല അന്യമതക്കാരും നിരീശ്വരവാദികളും വരെയുണ്ട് ആ പാട്ടിന്റെ ആരാധകരില്‍. ``ഓരോ തവണയും ആ പാട്ട് കേള്‍ക്കുമ്ബോള്‍ മരിച്ചുപോയ എന്റെ മകനെ ഓര്‍മ്മ വരും. ആ പാട്ടിന്റെ ആദ്യത്തെ ആസ്വാദകന്‍ അവനായിരുന്നല്ലോ.'' ജോസഫ് ഒരു നിമിഷം മൗനിയാകുന്നു.

``പള്ളികളില്‍ ക്രിസ്മസ് വേളയിലും മറ്റും വായിച്ചു കേള്‍ക്കാറുള്ള പ്രവാചകരുടെ പുസ്തകത്തിലെ യൂദയായിലെ ഗ്രാമമേ....എന്ന് തുടങ്ങുന്ന ഒരു വരിയില്‍ നിന്നാണ് ആ ഗാനം ഉണ്ടായത്. യാദൃഛികമായി മനസ്സില്‍ പൊട്ടിവിരിയുകയായിരുന്നു പാട്ടിന്റെ പല്ലവി; ഒരു ദിവസം കുളിച്ചുകൊണ്ടിരിക്കുമ്ബോള്‍. പിന്നെ സംശയിച്ചില്ല. തല തോര്‍ത്താന്‍ പോലും നില്‍ക്കാതെ ടര്‍ക്കി ടവ്വലും ഉടുത്ത് നേരെ കീബോര്‍ഡിനു മുന്നിലേക്ക്. വരികളും അവയ്ക്കിണങ്ങുന്ന ഈണവും ഒരുമിച്ചാണ് വന്നത്. ഇന്നോര്‍ക്കുമ്ബോള്‍ അത്ഭുതം തോന്നും. ദൈവം തന്നെയാണ് ആ ഗാനത്തിന്റെ രചയിതാവും സംഗീത സംവിധായകനും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.'' കീബോര്‍ഡിന്റെ ശബ്ദം കേട്ട് ജോസഫിന്റെ എട്ടു വയസ്സുള്ള മകന്‍ ഡാനി ജോണ്‍സ് മുറിയിലേക്ക് ഓടിയെത്തി. സംഗീതം വലിയ ഇഷ്ടമാണ് അവന്. പാട്ട് മുഴുവന്‍ കേട്ടശേഷം അവന്‍ പറഞ്ഞു: അപ്പായീ.. സൂപ്പര്‍ ആയിരിക്കുന്നു. എല്ലാവരും അപ്പായിയെ സ്‌നേഹിക്കും ഈ പാട്ട് കേട്ടാല്‍ കുഞ്ഞുമനസ്സില്‍ നിന്നൊഴുകിവന്ന നിഷ്‌കളങ്കമായ ആ വാക്കുകള്‍ സത്യമായിത്തീര്‍ന്നതിന് കാലം സാക്ഷി. നിര്‍ഭാഗ്യവശാല്‍ 32 വയസ്സിനപ്പുറം ആയുസ്സുണ്ടായില്ല ഡാനിക്ക്. ജോസഫിനെ ആകെ തകര്‍ത്തുകളഞ്ഞ വേര്‍പാട്.

1987 ല്‍ പുറത്തു വന്ന ``സ്‌നേഹപ്രതീക''ത്തില്‍ ജോസഫ് എഴുതി ഈണമിട്ട് യേശുദാസും സുജാതയും പാടിയ എല്ലാ പാട്ടുകളും ഹിറ്റായി എന്ന് കൂടി അറിയുക: ദൈവസ്‌നേഹം നിറഞ്ഞു നില്‍ക്കും ദിവ്യകാരുണ്യമേ, അലകടലും കുളിരലയും, രാത്രി രാത്രി രജതരാത്രി, കാവല്‍ മാലാഖമാരെ, ഉണരൂ മനസ്സേ, ദൂരെ നിന്നും....ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആല്‍ബങ്ങളില്‍ ഒന്ന് കൂടിയാണ് സ്‌നേഹപ്രതീകം. തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയില്‍ ആ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുമ്ബോള്‍, ഏറ്റവും മികച്ച കലാകാരന്മാരെ തന്നെ ഓര്‍ക്കസ്ട്രയില്‍ അണിനിരത്തണമെന്ന ഒരൊറ്റ നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ സംഗീത സംവിധായകന്. യേശുദാസിനും ഇല്ലായിരുന്നു അക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായം. ``കീബോര്‍ഡില്‍ മാനുവലും ബോബനും; തബലയില്‍ കൊച്ചാന്റിയും മച്ചാന്റിയും; വയലിനില്‍ മോഹന്‍ സിതാര; ഗിറ്റാറില്‍ ജര്‍സന്‍ ആന്റണിയും ജോണിയും; ഫ്‌ളൂട്ടില്‍ സണ്ണി... ആ ഗാനങ്ങളുടെ മികവിന്റെ നല്ലൊരു ശതമാനം ക്രെഡിറ്റ് ഈ കലാകാരന്മാര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. പത്തു വയലിനും മൂന്ന് വയോളയും ചെല്ലോയും ഉള്‍പ്പെടെ വിപുലമായ ഒരു ഓര്‍ക്കസ്ട്ര പശ്ചാത്തലത്തില്‍ വന്നപ്പോള്‍ ഗാനങ്ങളുടെ സ്വഭാവം തന്നെ മാറി. കുറെ കൂടി റിച്ച്‌ ആയി അവ.'' ഗാനങ്ങളുടെ വാദ്യവിന്യാസത്തില്‍ ജോസഫിനെ സഹായിച്ചത്, പ്രമുഖ സംഗീത സംവിധായകന്‍ കൂടിയായ രാജാമണി ആണ്. രാജാമണിയുടെ പിതാവ് ചിദംബരനാഥിനും ഏറെ പ്രിയപ്പെട്ട പാട്ടുകളായിരുന്നു ``സ്‌നേഹപ്രതീകത്തി''ലേത്.

ഇടയ്‌ക്കൊരു ചോദ്യം: സ്‌നേഹപ്രതീകത്തിലെ ഗാനങ്ങള്‍ യഥാര്‍ഥത്തില്‍ എഴുതിയത് മറ്റക്കര സോമന്‍ എന്നൊരാളാണെന്ന് അവകാശവാദം ഉയര്‍ന്നിട്ടുണ്ടല്ലോ? ``ഞാനും ശ്രദ്ധിച്ചിരുന്നു. ആ ആരോപണം ആദ്യം പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ ഞാന്‍ നിയമനടപടിക്ക് ഒരുങ്ങിയതുമാണ്. പിന്നെ വേണ്ടെന്നു വെച്ചു. ആ പാട്ടുകള്‍ പാടിയ യേശുദാസ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ. അദ്ദേഹം പറയട്ടെ ഞാനല്ല അവ എഴുതിയതെന്ന്. ഒരു കാര്യം എല്ലാവരും അറിയണം. ഈ ഗാനങ്ങള്‍ പള്ളികളില്‍ പാടിത്തുടങ്ങിയത് തരംഗിണി അവ ആല്‍ബമായി പുറത്തിറക്കുന്നതിന് വര്‍ഷങ്ങള്‍ മുന്‍പാണ്. അന്നൊന്നും ആരും അവകാശവാദവുമായി രംഗത്ത് വന്നിരുന്നില്ല. യഹൂദിയായിലെ ഉള്‍പ്പെടെ ആ പാട്ടുകള്‍ മുഴുവന്‍ ആദ്യമായി ക്വയറില്‍ പാടിയത് പ്രേംപ്രകാശ് ആയിരുന്നു. ആ പാട്ടുകള്‍ ഇഷ്ടപ്പെട്ടാണ് `എന്റെ കാണാക്കുയില്‍' എന്ന സിനിമക്ക് സംഗീതം ചെയ്യാന്‍ അദ്ദേഹം എന്നെ ക്ഷണിച്ചതും.'' ജോസഫ് പറഞ്ഞു. സ്‌നേഹപ്രതീകത്തിന് ശേഷം തരംഗിണിയുടെ തന്നെ സ്വീറ്റ് മെലഡീസ് (വാല്യം 4) എന്ന ആല്‍ബത്തിലും പാട്ടുകളെഴുതിയിരുന്നു ജോസഫ്.

സിനിമയില്‍ എത്തിപ്പെടും വരെ നാടകമായിരുന്നു ജോസഫിന്റെ തട്ടകം. നാടകത്തിന്റെ പശ്ചാത്തല സംഗീതത്തില്‍ വരുത്തിയ വിപ്ലവാത്മകമായ മാറ്റങ്ങളുടെ പേരില്‍ മാത്രം ഭാവിയില്‍ ഓര്‍ക്കപ്പെട്ടാലും പരിഭവമില്ലെന്നു പറയും ജോസഫ്. ``വിശ്വകലാ സമിതിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് എന്‍ എന്‍ പിള്ളയുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് ഞാന്‍ ആ മാറ്റങ്ങള്‍ അവതരിപ്പിച്ചത്. പരീക്ഷണങ്ങളെ എന്നും ഹൃദയപൂര്‍വം സ്വാഗതം ചെയ്തിട്ടേയുള്ളൂ പിള്ള സാര്‍. അതുവരെ അതിവൈകാരികത ആയിരുന്നു നാടക സംഗീതത്തിന്റെ മുഖമുദ്ര. സിംബലും ഡ്രമ്മും അനാവശ്യമായി ഉപയോഗിച്ചുള്ള ഈ സ്ഥിരം അഭ്യാസം അരോചകമായി തോന്നി എനിക്ക്. ആവശ്യം വേണ്ടിടത്ത് മാത്രം സംഗീതം മതി എന്നതായിരുന്നു എന്റെ നയം. അനവസരത്തിലുള്ള പാട്ടുകള്‍ പോലും നാടകത്തിന്റെ ഒഴുക്കിനും ഭാവതീവ്രതക്കും മങ്ങലേല്‍പ്പിക്കും. അന്ധകൂപം എന്ന നാടകത്തിന്റെ പശ്ചാത്തലത്തില്‍ പാട്ട് ഒഴിവാക്കി പകരം ഒരു ഗിറ്റാര്‍ പീസ് വായിച്ചപ്പോള്‍ ഉണ്ടായ മാറ്റം അത്ഭുതകരമായിരുന്നു. റോക്ക് ആന്‍ഡ് റോള്‍ ബാന്‍ഡ് ആയ വെഞ്ചേഴ്‌സിന്റെ സ്വാന്‍ ലേക്ക് പോലുള്ള ആല്‍ബങ്ങളാണ് അക്കാര്യത്തില്‍ എനിക്ക് വഴികാട്ടിയായത്. പാശ്ചാത്യപൌരസ്ത്യ സംഗീതശാഖകളുടെ സമന്വയം നൃത്ത രംഗങ്ങള്‍ക്ക് പൊലിമ കൂട്ടി. എന്‍ എന്‍ പിള്ള സാറിന്റെ പ്രോത്സാഹനവും മറക്കാന്‍ പറ്റില്ല. എന്നെ ഞാനാക്കിയ മനുഷ്യനാണ് അദ്ദേഹം.''

നാടകത്തിന്റെ ഇടവേളകളില്‍ സ്വന്തം ഗാനങ്ങള്‍ പാടി അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ജോസഫിന് നല്കിയിരുന്നു എന്‍.എന്‍.പിള്ള. അതതു കാലത്തെ ഹിറ്റ് സിനിമാഗാനങ്ങളാണ് സാധാരണ അത്തരം ഘട്ടങ്ങളില്‍ പാടിക്കേള്‍ക്കുക. നിന്‍ പദങ്ങളില്‍ നൃത്തമാടിടും ഒക്കെ അക്കാലത്ത് വേദിയില്‍ ജനം കേട്ടുമടുത്ത പാട്ടുകളാണെന്ന് ഓര്‍ക്കുന്നു ജോസഫ്. ഒരു മാറ്റത്തിന് വേണ്ടി `കാപാലിക' നാടകത്തിന്റെ ഇടവേളയില്‍ സ്വയം എഴുതി ഈണമിട്ട ഒരു ഗാനം ജോസഫ് അവതരിപ്പിച്ചു കിനാവിനു നിറം പിടിക്കുന്നു നിലാവില്‍ നീ നിറയുന്നു... ആലപ്പുഴയിലെ ഒരു തിയറ്ററിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. മരട് ജോസഫ് എന്ന അനുഗൃഹീത ഗായകന്റെ ശബ്ദത്തില്‍ ഗാനം ഒഴുകിവന്നപ്പോള്‍ കോരിത്തരിപ്പോടെ കേട്ടിരുന്നു നിറഞ്ഞ സദസ്സ്. ``അടുത്ത് ഇറങ്ങാന്‍ പോകുന്ന സിനിമയിലെ പാട്ടെന്നു പറഞ്ഞായിരുന്നു അവതരണം. ജനം അത് വിശ്വസിച്ചു. പാട്ട് അവര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് ഞാന്‍ സത്യാവസ്ഥ വെളിപ്പെടുത്തിയപ്പോള്‍ പിള്ള സാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു..'' അടുത്ത വേദിയില്‍ പുതിയൊരു പാട്ടാണ് ജോസഫ് അവതരിപ്പിച്ചത്, സ്വന്തമെന്നൊരു മന്ത്രമായി. ആ പാട്ടും ജനം ഹൃദയപൂര്‍വം സ്വീകരിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ജോസഫ് രചനയും സംഗീതവും നിര്‍വഹിച്ച തരംഗിണിയുടെ ഒരു ജനപ്രിയ ലളിതഗാന ആല്‍ബത്തിലാണ് ഈ ഗാനങ്ങള്‍ നാം വീണ്ടും കേട്ടത് സ്വീറ്റ് മെലഡീസ് (ഭാഗം 4). ഗായകര്‍ യേശുദാസും ചിത്രയും.

അപ്പോഴൊന്നും സിനിമ ജോസഫിന്റെ സ്വപ്നങ്ങളില്‍ ഇല്ല. നാടകത്തിലെ സംഗീത സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതാനുള്ള യജ്ഞത്തിലായിരുന്നു അദ്ദേഹം. കോട്ടയം ലൂര്‍ദ് പള്ളിയിലെ ക്വയറിന്റെ ചുമതല കൂടി ഏറ്റെടുത്തത് ആയിടയ്ക്കാണ്. ഒരു നാള്‍ കുര്‍ബാന കൈക്കൊള്ളാന്‍ ഭക്തര്‍ നിരനിരയായി നില്‍ക്കേ, സ്പീക്കറിലൂടെ ജോസഫിന്റെ ശബ്ദം ഒഴുകിയെത്തുന്നു: ദൈവസ്‌നേഹം നിറഞ്ഞുനില്‍ക്കും ദിവ്യ കാരുണ്യമേ, തളരുമെന്‍ മനസ്സിന് പുതുജീവന്‍ നല്‍കും സ്വര്‍ഗീയ ഭോജ്യമേ...'' ഗാനം കേട്ടുനിന്നവരില്‍ ബേബിച്ചനും ഉണ്ടായിരുന്നു മലയാളികളുടെ പ്രിയ നടന്‍ ജോസ് പ്രകാശ്. ``കൊള്ളാമല്ലോ ; ഇതാരുടെ പാട്ടാണ്?'' തൊട്ടടുത്തുനിന്ന അനിയനോട് ബേബിച്ചന്റെ ചോദ്യം. എഴുതിയതും ഈണമിട്ടതും പാടിയതും ഒരാള്‍ തന്നെ എന്ന് കറിയാച്ചന്റെ (പ്രേം പ്രകാശ്) മറുപടി. ``എടാ, അയാള്‍ക്ക് നീ ഒരു സിനിമ കൊടുക്ക്. എന്തൊരു ഫീലോടു കൂടിയാണ് ഈ പാട്ട് ചെയ്തിരിക്കുന്നത്..'' എ ജെ ജോസഫ് എന്ന സംഗീത സംവിധായകന് സിനിമയിലേക്കുള്ള വഴി തുറന്നുകൊടുത്ത വാക്കുകളായിരുന്നു അവ.

പ്രേംപ്രകാശിന്റെ അടുത്ത പടം തുടങ്ങാനിരിക്കുന്നു കൂടെവിടെ. ജോണ്‍സണെ ആ ചിത്രത്തിന്റെ ഗാനസൃഷ്ടിയുടെ ചുമതല ഏല്‍പ്പിച്ചു കഴിഞ്ഞിരുന്നതിനാല്‍ തൊട്ടു പിന്നാലെ വന്ന എന്റെ കാണാക്കുയില്‍ എന്ന ചിത്രത്തിലാണ് പുത്തന്‍ സംഗീത സംവിധായകനെ പ്രേംപ്രകാശ് അവതരിപ്പിക്കുന്നത്. മമ്മുട്ടിയും റഹ്മാനും രേവതിയും ഒക്കെ അഭിനയിച്ച ശശികുമാര്‍ ചിത്രം. കോട്ടയം ഐഡ ഹോട്ടലില്‍ വെച്ചായിരുന്നു കമ്ബോസിംഗ്. ``ശശികുമാറും തിരക്കഥാകൃത്ത് എസ് എല്‍ പുരം സദാനന്ദനും ചേര്‍ന്ന് സിറ്റ്വേഷന്‍ വിവരിച്ചു തന്നു. ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു യുവതിയുടെ ആത്മഗതമാണ്. അടക്കിവെച്ച വേദനയും നഷ്ടബോധവും ഒക്കെ പാട്ടിലും ഈണത്തിലും വരണം. സന്ദര്‍ഭത്തിനു യോജിച്ച ഹൃദയസ്പര്‍ശിയായ ഒരു ഗാനം കെ ജയകുമാര്‍ എഴുതിത്തന്നപ്പോള്‍ എന്റെ ജോലി എളുപ്പമായി. കീബോര്‍ഡില്‍ ``ഒരേ സ്വരം'' എന്ന പാട്ട് ചിട്ടപ്പെടുത്തിയത് ചുരുങ്ങിയ സമയത്തിനുള്ളിലാണ്. പാട്ട് ചിത്രയെ കൊണ്ട് പാടിക്കണം എന്നായിരുന്നു ആഗ്രഹം. അന്ന് സിനിമയില്‍ അധികം പാട്ടൊന്നും പാടിയിട്ടില്ല ചിത്ര. തെളിഞ്ഞ ശബ്ദമാണ്. മലയാളിയായതു കൊണ്ട് ഉച്ചാരണവും നന്ന്. ചെന്നൈ അരുണാചലം സ്റ്റുഡിയോയില്‍ ആ കുട്ടി വന്നു പാടിയ ദിവസം ഇന്നും ഓര്‍ക്കുന്നു. ടെന്‍ഷന്‍ ഒക്കെ ഉണ്ടായിരുന്നെങ്കിലും അതീവ സൂക്ഷ്മതയോടെ തന്നെ പാടി ചിത്ര. വയലിനില്‍ മണിയും (മാനുവല്‍ ജോണ്‍ പീറ്റര്‍) ഗിറ്റാറില്‍ ജോണ്‍ ആന്റണിയും ആയിരുന്നു അകമ്ബടിക്കാര്‍ എന്നോര്‍ക്കുന്നു. കീബോര്‍ഡ് വായിച്ചത് കുട്ടിത്തം മാറാത്ത ഒരു പയ്യനാണ് ദിലീപ്. ഇന്നത്തെ നമ്മുടെ എ.ആര്‍.റഹ്മാന്‍ തന്നെ. പൊന്നു പോലെ കൊണ്ടുനടക്കുന്ന കീ ബോര്‍ഡുമായി പഴയൊരു ഹെറാള്‍ഡ് കാറില്‍ സ്റ്റുഡിയോയുടെ മുറ്റത്ത് വന്നിറങ്ങുന്ന മീശ മുളയ്ക്കാത്ത കുട്ടിയുടെ രൂപം ഇന്നുമുണ്ട് ഓര്‍മ്മയില്‍.''

ചിത്രയുടെ സ്വരത്തില്‍ ഒഴുകിവന്ന പാട്ട് കേട്ട് ശശികുമാര്‍ ജോസഫിന്റെ പുറത്തു തട്ടി പറഞ്ഞു: ``ജോസഫ്, ഈ പാട്ട് എന്തെങ്കിലും ഒക്കെ അംഗീകാരങ്ങള്‍ നിങ്ങള്‍ക്ക് നേടിത്തരാതിരിക്കില്ല.'' അതൊരു പാഴ്വാക്കായിരുന്നില്ല എന്നോര്‍ക്കുന്നു ജോസഫ്. ആ വര്‍ഷത്തെ ഏറ്റവും മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് ചിത്രയെ തേടിയെത്തിയത് ഈ ഗാനത്തിന്റെ കൂടി പേരിലാണ്. പില്‍ക്കാലത്ത് തെന്നിന്ത്യയുടെ വാനമ്ബാടിയായി വളര്‍ന്ന ചിത്രയുടെ ആദ്യ സംസ്ഥാന അവാര്‍ഡ്. മികച്ച സംഗീത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ് ജോസഫിന് നേടിക്കൊടുത്തതും ഇതേ പാട്ട് തന്നെ. ``ആ ബഹുമതി ഞാന്‍ ഏറ്റുവാങ്ങിയത് തിരുവനന്തപുരത്തെ സെനറ്റ് ഹാളില്‍ വെച്ചാണ്. വേദിയില്‍ നില്‍ക്കുമ്ബോള്‍ വികാര വിക്ഷുബ്ധമായിരുന്നു എന്റെ മനസ്സ്. അതിനും പത്തിരുപതു വര്‍ഷം മുന്‍പ് ഇതേ വേദിയിലാണ് ഞങ്ങളുടെ ഡിഗ്രി കോണ്‍വൊക്കേഷന്‍ നടന്നത്. അപ്പച്ചന്‍ മരിച്ചിട്ട് ഏറെ നാളായിരുന്നില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുകയായിരുന്നു ആ സമയത്ത് ഞങ്ങള്‍. സാമ്ബത്തിക പ്രയാസങ്ങള്‍ കാരണം ബി.എസ്.സി സര്‍ട്ടിഫിക്കറ്റ് ഇവിടെയെത്തി നേരിട്ട് സ്വീകരിക്കാന്‍ കഴിഞ്ഞില്ല എനിക്ക്. അന്ന് അതോര്‍ത്തു ഏറെ വിഷമിച്ചിട്ടുണ്ട്. ഇന്നിതാ അതേ വേദിയില്‍ മഹാരഥന്മാര്‍ നിരന്നിരിക്കുന്ന സദസ്സിനു മുന്നില്‍ ഒരു അവാര്‍ഡ് സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായിരിക്കുന്നു എനിക്ക്. എല്ലാം ദൈവ നിശ്ചയം എന്നല്ലാതെ എന്ത് പറയാന്‍!''

ഒരു വര്‍ഷം കഴിഞ്ഞു പ്രേംപ്രകാശ് നിര്‍മിച്ച `കുഞ്ഞാറ്റക്കിളികള്‍' എന്ന ചിത്രത്തിലാണ് ജയകുമാര്‍ ജോസഫ് ടീമിന്റെ വേറിട്ട ഗാനങ്ങള്‍ പിന്നീട് മലയാളികള്‍ കേട്ടത്. ``നാടകത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ച ഈണം അനുയോജ്യമായ മറ്റൊരു സന്ദര്‍ഭത്തില്‍ ഗാനമായി ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണു എന്റെ പക്ഷം. കുഞ്ഞാറ്റക്കിളികളില്‍ ശോഭനയുടെ കഥാപാത്രം പിയാനോ വായിച്ചു കുട്ടികളെ പാട്ട് പാടിക്കേള്‍പ്പിക്കുന്ന ഒരു സിറ്റുവേഷന്‍ ഉണ്ട്. മുന്‍പ് എന്‍ എന്‍ പിള്ള സാറിന്റെ ഡാം എന്ന നാടകത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ച ഒരു ട്യൂണ്‍ അവിടെ നന്നായി ഇണങ്ങുമെന്ന് തോന്നി എനിക്ക്. ഈണത്തിന് അനുസരിച്ച്‌ ജയകുമാര്‍ ലളിതവും മനോഹരവുമായ ആശയം ഉള്‍ക്കൊള്ളുന്ന ഒരു പാട്ട് എഴുതിത്തരുകയും ചെയ്തു. അതാണ് ആകാശഗംഗാ തീരത്തിനപ്പുറം ആയിരം വെണ്ണക്കല്‍ മണ്ഡപം എന്ന ഗാനം. കാപാലിക എന്ന നാടകത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ച ഈണമാണ് പ്രഭാതം വിടര്‍ന്നു എന്ന പാട്ടിന്റെ പല്ലവിക്ക് പ്രചോദനമായത്. വാദ്യവിന്യാസത്തിലും പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട് ഞാന്‍. ജനങ്ങള്‍ക്ക് അത് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു.'' ഈ കൈകളില്‍, നാട്ടുവിശേഷം, കടല്‍ക്കാക്ക എന്നിവയാണ് ജോസഫ് സംഗീതം നല്‍കിയ മറ്റു ചിത്രങ്ങള്‍.

തരംഗിണിക്ക് വേണ്ടി ഒരു ക്രിസ്തീയ ഭക്തിഗാന ആല്‍ബം ചെയ്യാന്‍ യേശുദാസ് ജോസഫിനെ ക്ഷണിച്ചതും ഏതാണ്ട് അതേ നാളുകളില്‍ തന്നെ. ആ ക്ഷണം നിറഞ്ഞ മനസ്സോടെ സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ജോസഫിന്. ഒരു വര്‍ഷമേ കാത്തിരിക്കേണ്ടി വന്നുള്ളൂ പിന്നെ. ക്രിസ്മസിന് ആഴ്ചകള്‍ മുന്‍പ് തരംഗിണിയില്‍ നിന്ന് ആരോ ജോസഫിനെ ഫോണില്‍ വിളിക്കുന്നു. ചെന്നപ്പോള്‍ എല്ലാവരും അക്ഷമരായി കാത്തിരിക്കുകയാണ് ദാസേട്ടന് പുറമേ സതീഷ് സത്യന്‍, ചീഫ് റെക്കോര്‍ഡിസ്റ്റ് ബാലകൃഷ്ണന്‍, അസിസ്റ്റന്റ് കരുണാകരന്‍, എഴുത്തുകാരന്‍ മാത്തുക്കുട്ടി ജെ കുന്നപ്പള്ളി.... പാട്ടെഴുതുന്നത് ആബേലച്ചന്‍ ആണെന്ന് അവര്‍ പറഞ്ഞാണ് അറിഞ്ഞത്. പക്ഷെ പത്തു ദിവസം കഴിഞ്ഞാലേ പാട്ടുകള്‍ കിട്ടൂ. കമ്ബോസിംഗും റെക്കോര്‍ഡിംഗും കൂടി കഴിയുമ്ബോഴേക്കും ക്രിസ്മസ് കഴിയും. അത് പ്രായോഗികമല്ല. ഉടനെ പാട്ടെഴുതി കിട്ടിയാലേ രക്ഷയുള്ളൂ.

ക്വയറില്‍ താന്‍ എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു വരുന്ന പാട്ടുകള്‍ ഒന്ന് കേള്‍പ്പിച്ചു തരട്ടേ എന്ന് ജോസഫ്. എല്ലാവര്‍ക്കും സമ്മതം. മേശപ്പുറത്തു താളമിട്ട് ഒന്നൊന്നായി പാട്ടുകള്‍ പാടിത്തുടങ്ങി ജോസഫ്. രാത്രി രാത്രി രജതരാത്രി, കാവല്‍ മാലാഖമാരെ, അലകടലും കുളിരലയും... യഹൂദിയായിലെ എന്ന പാട്ട് കൂടി പാടിത്തീര്‍ന്നപ്പോള്‍ യേശുദാസ് പറഞ്ഞു: ``മതി. നാളെ തന്നെ റെക്കോര്‍ഡ് ചെയ്യണം.'' പിന്നെയെല്ലാം കണ്ണഞ്ചിക്കുന്ന വേഗത്തിലായിരുന്നു. ഓര്‍ക്കസ്ട്രയില്‍ അസിസ്റ്റ് ചെയ്യാന്‍ ചെന്നൈയില്‍ നിന്ന് രാജാമണി എത്തുന്നു. ഹൈലാന്‍ഡ് ഹോട്ടലില്‍ വെച്ച്‌ ഫൈനല്‍ കമ്ബോസിംഗ്. പിറ്റേന്ന് കാലത്ത് റെക്കോര്‍ഡിംഗ് ആണ്...അപ്പോഴാണ് മറ്റൊരു പ്രശ്‌നം. ``ഉണരൂ മനസ്സേ'' എന്ന പാട്ടിന്റെ പല്ലവി മാത്രമേ എഴുതിയിട്ടുള്ളൂ. ദാസേട്ടന്‍ എത്തുമ്ബോഴേക്കും വരികള്‍ റെഡി ആകണം.സ്റ്റുഡിയോയിലേക്ക് പുറപ്പെടാന്‍ സമയവുമായി. ``ശരീരമാസകലം വിറയ്ക്കുന്ന പോലെ തോന്നി എനിക്ക്. പാട്ട് പൂര്‍ത്തിയായിട്ടില്ല എന്നറിഞ്ഞാല്‍ എന്തായിരിക്കും ദാസേട്ടന്റെ പ്രതികരണം എന്ന് പ്രവചിക്കാന്‍ പറ്റില്ല. എന്തും സംഭവിക്കാം. അവിടെയും ഈശ്വരന്‍ സഹായത്തിനെത്തി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്ലോക്ക് എട്ടര മണി അടിച്ചതും എന്റെ മനസ്സിലേക്ക് ചരണത്തിന്റെ ആദ്യ വരി ഒഴുകിയെത്തിയതും ഒരുമിച്ചായിരുന്നു: മണിനാദമുയരുന്നൂ മനസ്സില്‍ നീ നിറയുന്നൂ... നിമിഷങ്ങള്‍ക്കകം പാട്ട് തയ്യാര്‍. ``സ്‌നേഹപ്രതീക''ത്തിന്റെ അഭൂതപൂര്‍വമായ ജനപ്രീതിക്ക് പിന്നാലെ തരംഗിണിയുടെ മധുരഗീത (സ്വീറ്റ് മെലഡീസ്) സമാഹാരത്തിന്റെ നാലാം ഭാഗം ഒരുക്കാനുള്ള ചുമതലയും ജോസഫിനെ തേടിയെത്തി. ആ പാട്ടുകളും ഹിറ്റായിരുന്നു. പ്രത്യേകിച്ച്‌ എന്‍ ഹൃദയ വിപഞ്ചിക, കിനാവിനു നിറം പിടിക്കുന്നു, ജനിമൃതികള്‍ തന്‍ എന്നീ ഗാനങ്ങള്‍. അത് കഴിഞ്ഞ് കാരുണ്യ പ്രവാഹം (ഗായകര്‍: എസ് ജാനകി, കെ ജി മാര്‍ക്കോസ്, ബിജു നാരായണന്‍), നീ മാത്രം എന്റെ ആശ്രയം തുടങ്ങിയ ഭക്തിഗാന സമാഹാരങ്ങള്‍. സ്‌നേഹപ്രതീകത്തിലെ ട്യൂണുകള്‍ ഉള്‍പ്പെടുത്തി തമിഴില്‍ തരംഗിണി പുറത്തിറക്കിയ `അന്നൈ വേളാങ്കണ്ണി' എന്ന ആല്‍ബവും ഹിറ്റായിരുന്നു. തെലുങ്ക്, കന്നഡ തുടങ്ങി മറ്റു പല ഭാഷകളിലും ആ ഈണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. എല്ലായിടത്തും ജനം അവ ഏറ്റെടുക്കുകയും ചെയ്തു. (2015 ആഗസ്റ്റ് 19 ന് ജോസഫ് അന്തരിച്ചു.)

Related News