Loading ...

Home National

വ്യവസ്ഥകള്‍ ഉദാരമാക്കി പോളണ്ട്; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസയില്ലാതെ ഇനി പോളണ്ട് അതിര്‍ത്തി കടക്കാം

യുക്രൈനിലെ ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് അതിര്‍ത്തി കടക്കുന്നതിന് വ്യവസ്ഥകള്‍ ഉദാരമാക്കി പോളണ്ട് സര്‍ക്കാര്‍.ഇനി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസയില്ലാതെ പോളണ്ട് അതിര്‍ത്തി കടക്കാം.യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാതലത്തില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോളണ്ട് അതിര്‍ത്തി കടന്നിരുന്നു.പോളണ്ട് അധികൃതരുമായി ഇന്ത്യന്‍ എംബസി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അതിര്‍ത്തി കടക്കാനായത്. യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരെ ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചത് വാര്‍ത്തയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടത്. യുക്രൈന്‍ പോളണ്ട് അതിര്‍ത്തിയായ ഷെയിനി മെഡിക്കയില്‍ വച്ചാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്കുനേരെ മര്‍ദനമുണ്ടായത്.

36 മണിക്കൂറിലേറെയായി വിദ്യാര്‍ഥികള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. കിലോമീറ്ററുകള്‍ താണ്ടി കാല്‍നടയായി വന്ന വിദ്യാര്‍ഥികളാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി പോളണ്ട് അതിര്‍ത്തി വഴിയാണ് യുക്രൈനില്‍ നിന്ന് പലരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. നൂറു കണക്കിനാളുകള്‍ എത്തിയതിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

ഇവിടത്തെ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലാണ്. രണ്ട് രാത്രിയായി കടുത്ത തണുപ്പിനിടെ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനുപേരാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. കെയ്വില്‍ നിന്ന് പടിഞ്ഞാറന്‍ യുക്രൈനിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസൊരുക്കാന്‍ തീരുമാനമായിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ ആദ്യം എത്തുന്നവര്‍ക്കാണ് മുന്‍ഗണന ഉണ്ടായിരിക്കുക. ഇന്ത്യക്കാര്‍ പടിഞ്ഞാറന്‍ മേഖലയിലേക്ക് പോകണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

അതേസമയം യുക്രൈനില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തി. ബങ്കറുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് വെള്ളവും ഭക്ഷണവും അടിയന്തരമായി എത്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ അതിര്‍ത്തിയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Related News