Loading ...

Home National

വ്യോമസേനയുടെ പശ്ചിമ കമാന്‍ഡ് മേധാവിയായി മലയാളി

കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയായ എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരനെ വ്യോമസേനയുടെ ഡല്‍ഹി ആസ്ഥാനമായ പശ്ചിമ കമാന്‍ഡ് മേധാവിയായി നിയോഗിച്ചു. നിലവില്‍ തെലങ്കാനയിലെ ഡുണ്ടിഗല്‍ എയര്‍ഫോഴ്‌സ് അക്കാഡമി കമാന്‍ഡറായി പ്രവര്‍ത്തിക്കുകയായിരുന്നു. മാര്‍ച്ച് ഒന്നിന് അദ്ദേഹം സ്ഥാനമേല്‍ക്കും. 1983ലാണ് സേനയില്‍ പ്രവേശിച്ചത്. മിഗ് 21 വിമാനം ഉള്‍പ്പെടെയുള്ള വിവിധ യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുണ്ട്.

ആകാശക്കാഴ്ചയൊരുക്കുന്ന വ്യോമസേനയുടെ സൂര്യകിരണ്‍ എയ്റോബാറ്റിക് ടീമിനെ മൂന്നുവര്‍ഷം നയിച്ചു. ഇദ്ദേഹത്തിന് കീഴില്‍ സൂര്യകിരണ്‍ സംഘം ഒരു പിഴവുമില്ലാതെ 150 പൊതുചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് അംഗീകാരം ലഭിച്ചിരുന്നു.

സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍, വ്യോമസേനാ ആസ്ഥാനത്ത് ഇന്റലിജന്‍സ് ചുമതലയുള്ള എയര്‍സ്റ്റാഫിന്റെ അസിസ്റ്റന്റ് ചീഫ്, ഫ്‌ളൈറ്റ് ഇന്‍സ്പെക്ഷന്‍ ആന്‍ഡ് സേഫ്ടി ഡയറക്ടര്‍ ജനറല്‍, വെല്ലിംഗ്ടണ്‍ ഡി.എസ്.എസ്.സിയില്‍ സീനിയര്‍ ഡയറക്ടിംഗ് സ്റ്റാഫ്, കെയ്റോ, ഈജിപ്ത് എന്നിവിടങ്ങളില്‍ ഡിഫന്‍സ് അറ്റാഷെ തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. വായുസേനാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

Related News