Loading ...

Home USA

സണ്ണി വെയ്ല്‍ സിറ്റി മേയറായി മലയാളി സജി ജോര്‍ജിന് വിജയം

സണ്ണിവെയ്ല്‍: സണ്ണി വെയ്ല്‍ സിറ്റി മേയര്‍ സ്ഥാനത്തേക്ക് മെയ് അഞ്ചിനു ശനിയാഴ്ച നടന്ന ത്രികോണ മത്സരത്തില്‍ മലയാളിയായ സജി ജോര്‍ജ് വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്ത വോട്ടില്‍ 54% സജിക്ക് ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി കേറല്‍ ഹില്ലിന് 33% വോട്ടുകള്‍ മാത്രമാണ് നേടാനായത്. മൂന്നാമത്തെ മേയര്‍ സ്ഥാനാര്‍ഥി 13% വോട്ടുകളും കരസ്ഥമാക്കി.

അമേരിക്കയുടെ ചരിത്രത്തില്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ മലയാളിയാണ് സജി ജോര്‍ജ്. ഇതിനു മുന്‍പ് ന്യൂജഴ്‌സി ടീനെക്ക് മേയറായി ജോണ്‍ അബ്രഹാം വിജയിച്ചിരുന്നു. അതുകൂടാതെ 2015ല്‍ കൊല്ലം സ്വദേശിനി അറ്റോര്‍ണി വിനി എലിസബത്ത് സാമുവല്‍ വാഷിങ്ടണ്‍ സ്റ്റേറ്റിലെ മൊണ്ട്‌സാനോ നഗരത്തില്‍ മേയറായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. 

എട്ടുവര്‍ഷം സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലര്‍, പ്രോഗ്രാം മേയര്‍ എന്നീ നിലകളില്‍ തിളങ്ങിയ സജിയുടെ വിജയം തികച്ചും അര്‍ഹിക്കുന്നതായിരുന്നു. സജിയുടെ തിരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിച്ചതു ഫിലിപ്പ് ശാമുവേലായിരുന്നു.

സണ്ണി വെയ്ല്‍ സിറ്റി കൗണ്‍സിലറായി മത്സരിച്ച മറ്റൊരു മലയാളി ഷൈനി ഡാനിയേലിനു രണ്ടാം സ്ഥാനം മാത്രമാണു ലഭിച്ചത്. ഒരു സ്ഥാനാര്‍ഥിക്കും പോള്‍ ചെയ്ത വോട്ടിന്റെ 50% നേടാനായില്ല. ഒന്നും രണ്ടും സ്ഥാനം ലഭിച്ച കെവിന്‍ ക്‌ളാര്‍ക്കും ഷൈനി ഡാനിയലും വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണം.

സാജി ജോര്‍ജിന്റെ വിജയത്തില്‍ ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, പ്രസിഡന്റ് ഇലക്‌ട് ഡോ.ജോര്‍ജ് കാക്കനാട് എന്നിവര്‍ അഭിനന്ദനം അറിയിച്ചു. ഡാളസില്‍ നടന്ന പ്രസ്‌ക്ലബ് മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എ വി.ടി.ബല്‍റാമും മേയറായി തെരഞ്ഞെടുക്കപ്പെട്ട സജി ജോര്‍ജിനെ അനുമോദിച്ചു സംസാരിച്ചു.

കോപ്പേല്‍ സിറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കൗണ്‍സിലറായി മത്സരിച്ച ബിജു മാത്യു ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയെങ്കിലും വിജയിക്കാനായില്ല. ബിജു മാത്യുവും തൊട്ടടുത്ത വോട്ട് ലഭിച്ച സ്ഥാനാര്‍ഥിയും തമ്മില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണം.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍

Related News