Loading ...

Home International

പുടിനെതിരെ റഷ്യയിലും പ്രതിഷേധം; യുദ്ധത്തിനെതിരെ ആയിരകണക്കിന് റഷ്യന്‍ പൗരന്മാര്‍ തെരുവില്‍

മോസ്‌കോ: യുക്രെയ്‌നില്‍ റഷ്യ അധിനിവേശം നടത്തി യുദ്ധം ആരംഭിച്ചതില്‍ പ്രതിഷേധിച്ച്‌ ആയിരക്കണക്കിന് റഷ്യന്‍ പൗരന്മാര്‍.ഇവരെ റഷ്യന്‍ ഭരണകൂടം അറസ്റ്റ് ചെയ്ത് നീക്കി.

യുദ്ധത്തിനെതിരായി സമൂഹമാദ്ധ്യമങ്ങളിലൂടെ പൊട്ടിപുറപ്പെട്ട പിന്തുണയും ആഹ്വാനവും പിന്നീട് റഷ്യന്‍ തെരുവകളിലേക്ക് എത്തുകയായിരുന്നു. ആദ്യം നൂറുക്കണക്കിനാളുകള്‍ അണിനിരന്നെങ്കില്‍ പിന്നീടത് ആയിരക്കണക്കിനാളുകളായി മാറി. 53 റഷ്യന്‍ നഗരങ്ങളിലായി പ്രതിഷേധിച്ച 1,702 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതില്‍ 940 പ്രതിഷേധക്കാരും തലസ്ഥാന നഗരമായ മോസ്‌കോയിലാണ് അണിനിരന്നത്.

1979-ല്‍ സോവിയേറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ അധിനിവേശത്തിന് ശേഷം മോസ്‌കോയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏറ്റവും ആക്രമണോത്സുകമായ നടപടിയെന്നാണ് പ്രതിഷേധക്കാര്‍ വിശേഷിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് നൂറുക്കണക്കിന് പോസ്റ്ററുകള്‍ റഷ്യന്‍ നഗരങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

എന്നാല്‍ കിഴക്കന്‍ യുക്രെയ്നിലെ സാധാരണക്കാരെ 'വംശഹത്യയില്‍' നിന്ന് സംരക്ഷിക്കുന്നതിനുള്ള 'പ്രത്യേക സൈനിക നടപടി'യെഎന്നാണ് വ്ളാഡിമര്‍ പുടിന്‍ വിശദമാക്കിയത്. ഈ അവകാശവാദം തെറ്റാണെന്ന് റഷ്യയുടെ അധിനിവേശത്തിന് മുമ്ബേ യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഭൂരിഭാഗം റഷ്യക്കാരും ഇക്കാര്യം അവഗണിച്ചിരുന്നു.

'നമുക്കൊപ്പം എന്നന്നേക്കും നിലനില്‍ക്കുന്ന അപമാനം' എന്ന് റഷ്യന്‍ നടപടിക്കെതിരെ മോസ്‌കോയിലെ പ്രതിപക്ഷ ആക്ടിവിസ്റ്റായ തത്യാന ഉസ്മാനോവ ഫേസ്ബുക്കില്‍ കുറിച്ചു. യുക്രെയ്ന്‍ ജനതയോട് ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. യുദ്ധം അഴിച്ചുവിട്ടവര്‍ക്ക് വേണ്ടി ഞങ്ങള്‍ വോട്ട് ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകനായ ലെവ് പൊനോമവിയോവ് റഷ്യയുടെ നടപടിക്കെതിരെ ആരംഭിച്ച ഹര്‍ജി മണിക്കൂറുകള്‍ക്കകം 1,50,000-ലധികം ഒപ്പുകള്‍ നേടി. ദിവസം അവസാനിക്കുന്നതോടെ ഒപ്പുകളുടെ എണ്ണം 289,000 ആയി. 250ലധികം മാദ്ധ്യമപ്രവര്‍ത്തകര്‍ അവരുടെ പേരുകള്‍ തുറന്ന കത്തില്‍ എഴുതി ആക്രമണത്തെ അപലപിച്ചു. 250-ഓളം ശാസ്ത്രജ്ഞരും ഹര്‍ജിയില്‍ ഒപ്പുവച്ചു. മോസ്‌കോയിലും മറ്റ് പ്രധാന നഗരങ്ങളിലുമായി 194 മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളും യുക്രെയ്‌ന് പിന്തുണയറിയിച്ചു.

Related News