Loading ...

Home International

വഴിതിരിച്ചുവിട്ട വിമാനങ്ങളുടെ തിക്കും തിരക്കും;വ്യോമ ഗതാഗതത്തില്‍ കനത്ത 'ട്രാഫിക്'

കീവ്: യുക്രെയ്‌നിനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ യാത്രാവിമാനങ്ങള്‍ക്ക് കീവ് വിലക്കേര്‍പ്പെടുത്തിയിരുന്നു.ഇതിന്റെ ഭാഗമായി വ്യോമപാത പൂര്‍ണമായും അടച്ചു. അപായ സാധ്യത മുന്നില്‍ കണ്ടായിരുന്നു യുക്രെയ്‌നിന്റെ നീക്കം. ഇതിനിടെ ഫ്‌ളൈറ്റ് ട്രാക്കര്‍ സോഫ്റ്റ്‌വെയര്‍ പുറത്തുവിട്ട ചിത്രം വാര്‍ത്തളില്‍ ഇടം പിടിക്കുകയാണ്.

സൈനിക നീക്കവും നടപടികളും ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ റഷ്യ, ബെലാറസ് വ്യോമാതിര്‍ത്തികളിലൂടെ സഞ്ചാരം ഒഴിവാക്കണമെന്ന് യൂറോപ്യന്‍ ഏവിയേഷന്‍ റെഗുലേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ നൂറുക്കണക്കിന് വിമാനങ്ങള്‍ക്കാണ് വഴിതിരിച്ച്‌ പറക്കേണ്ടി വന്നത്. ഫ്‌ളൈറ്റ് ട്രാക്കര്‍ സോഫ്റ്റ്‌വെയര്‍ പുറത്തുവിട്ട ചിത്രം ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കുന്നു.

യുക്രെയ്ന്‍ സമയം അര്‍ദ്ധരാത്രി 12 മണിയോടെയാണ് രാജ്യത്തെ വ്യോമപാതയില്‍ യാത്രാവിമാനങ്ങള്‍ യുക്രെയ്ന്‍ നിരോധിച്ചത്. രാജ്യത്തെ വ്യോമഗതാഗത സേവനങ്ങള്‍ നിര്‍ത്തലാക്കിയതായും യുക്രെയ്ന്‍ പ്രഖ്യാപിച്ചു. വഴിതിരിച്ചു വിടുന്ന വിമാനങ്ങള്‍ യുക്രെയ്‌നിന്റെ വടക്കും പടിഞ്ഞാറും വ്യോമപാതകളില്‍ 'ട്രാഫിക്'സൃഷ്ടിച്ചു. യുദ്ധസാഹചര്യം വ്യോമഗതാഗതത്തെ സാരമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് യുദ്ധാന്തരീക്ഷത്തിലും കൗതുകമാകുന്ന ചിത്രം ഫ്‌ളൈറ്റ് ട്രാക്കര്‍ സോഫ്റ്റ്‌വെയര്‍ പുറത്തുവിട്ടത്.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയും (ഇ.എ.എസ്.എ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രാവിമാനങ്ങളെ മനഃപൂര്‍വ്വവും തെറ്റായി ധരിച്ചും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇ.എ.എസ്.എയുടെ മുന്നറിയിപ്പ്.

അതിനിടെ, യുക്രെയ്ന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍ വ്യോമമേഖലയും റഷ്യ അടച്ചു. യുക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലെ എയര്‍പോര്‍ട്ടിലേക്കുള്ള ആഭ്യന്തര വിമാനസര്‍വീസുകളും റഷ്യ നിര്‍ത്തലാക്കി. റോസ്റ്റോവ്-ഓണ്‍-ഡോണ്‍, ക്രാസ്‌നോദാര്‍, സ്റ്റാവ്രോപോള്‍ എന്നീ വിമാനത്താവളങ്ങള്‍ മാര്‍ച്ച്‌ 2 വരെ നിര്‍ത്തിവെച്ചതായാണ് മോസ്‌കോ വ്യക്തമാക്കിയത്.

Related News