Loading ...

Home National

ഉക്രൈൻ; ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ

ന്യൂഡല്‍ഹി: യുക്രെയിന്‍ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍നിന്നു രൂക്ഷമായ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന റഷ്യ ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്തു രംഗത്ത്.ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാകൗണ്‍സിലില്‍ ഇന്ത്യ യുക്രെയിന്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് റഷ്യയ്ക്ക് ആശ്വാസമായിരിക്കുന്നത്. ഇന്ത്യന്‍ നിലപാടിനെ റഷ്യ പരസ്യമായി സ്വാഗതം ചെയ്തു.

സന്തുലിതവും തത്വാധിഷ്ഠിതവും സ്വതന്ത്രവുമായ സമീപനമാണ് ഇന്ത്യ പുലര്‍ത്തിയതെന്ന് ട്വീറ്റ് ചെയ്തുകൊണ്ടു റഷ്യ ചൂണ്ടിക്കാട്ടി. നിശബ്ദവും ക്രിയാത്മകവുമായ നയതന്ത്രമാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യമെന്നും അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ പിരിമുറുക്കം വര്‍ധിപ്പിക്കുന്ന എല്ലാ നടപടികളും എല്ലാവരും ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

എല്ലാ രാജ്യങ്ങളുടെയും നിയമാനുസൃതമായ സുരക്ഷാ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് പിരിമുറുക്കങ്ങള്‍ ഉടനടി ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു പരിഹാരം കണ്ടെത്തുന്നതിലാണ് ഇന്ത്യയുടെ താത്പര്യമെന്ന് അംബാസഡര്‍ ടി.എസ്. തിരുമൂര്‍ത്തി പറഞ്ഞു.

ഇതിനിടെ, യുക്രെയിന്‍ വിഷയത്തില്‍ റഷ്യന്‍ യുദ്ധ സന്നാഹത്തിനെതിരേ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ വിമര്‍ശനങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. പിന്മാറുകയാണെന്ന പ്രതീതി പരത്തി കൂടുതല്‍ സൈനിക സന്നാഹം ഒരുക്കുകയാണ് റഷ്യ ചെയ്തിരിക്കുന്നതെന്നും അവര്‍ വിന്യസിച്ചതില്‍ അന്പതു ശതമാനം സൈനികര്‍ ഏതു നിമിഷവും യുദ്ധത്തിനിറങ്ങാന്‍ സന്നദ്ധരായി നിലകൊള്ളുകയാണെന്നും യുഎസ് ആരോപിച്ചു.

Related News