Loading ...

Home National

റെയിൽവേ പൊലീസ് ജനുവരിയിൽ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപെടുത്തിയത് 1045 കുട്ടികളെ

2022 ജനുവരി മാസം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥർ രക്ഷിച്ചത് ആയിരത്തിലേറെ കുട്ടികളെ. 344 പെൺകുട്ടികൾ ഉൾപ്പടെ 1045 കുട്ടികളെയാണ് ആർപിഎഫ് രക്ഷിച്ചത്. ചൂഷണത്തിനും മനുഷ്യക്കടത്തിനും ഇരയായിരുന്ന കുട്ടികളെയാണ് ആർപിഎഫ് രക്ഷപ്പെടുത്തിയത്. ഓപ്പറേഷൻ നാൻഹെ ഫാരിസ്റ്റേയുടെ ഭാഗമായാണ് റയിൽവേ ഇത്രയധികം കുട്ടികൾക്ക് പുതുജീവൻ നൽകിയത്. ഇന്ത്യയിൽ നിലവിൽ 132 ഓളം റെയിൽവേസ്‌റ്റേഷനുകളിൽ ചൈൽഡ് ഹെൽപ്പ് ഡെസ്‌ക്കുകൾ പ്രവർത്തിക്കുന്നതായി ആർപിഎഫ് ചൂണ്ടിക്കാട്ടി.

ട്രെയിൻ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനായുള്ള ഓപ്പറേഷൻ നാർക്കോസും വൻ വിജയകരമായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മാസത്തിൽ മാത്രം 4.57 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 87 പേരും പിടിയിലായി. ലക്ഷക്കണക്കിന് രൂപ മൂല്യം വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളും മദ്യവും ഓപ്പറേഷനിലൂടെ പിടിച്ചെടുത്തതായി കണക്കുകൾ വ്യക്തമാക്കുന്നു.

ജനുവരി മാസത്തിൽ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മേരി സഹേലി ടീമുകളെ വ്യന്യസിച്ചിരുന്നു. പ്രധാനമായും ഒറ്റയ്‌ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേരി സഹേലി ടീമുകൾ റെയിൽവേ സ്‌റ്റേഷനുകളിൽ ക്യാമ്പ് ചെയ്തിരുന്നത്. സ്ത്രീ യാത്രക്കാർക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 13,000 ട്രയിനുകളാണ് പരിശോധിച്ചത്. ലേഡീസ് കോച്ചുകളിൽ യാത്ര ചെയ്ത 2185 പേരെ അറസ്റ്റ് ചെയ്യുകയും പീഡനപരാതിയിൽമേൽ അഞ്ച് പേരെ പിടികൂടുകയും ചെയ്തതായി റെയിൽവേ വ്യക്തമാക്കി.റെയിൽവേയുടെ മിഷൻ ജീവൻ രക്ഷ പ്രകാരം 22 സ്ത്രീകളെയും 20 പുരുഷൻമാരെയുമാണ് രക്ഷിച്ചത്. വനിതകളുടെ സുരക്ഷയ്‌ക്കായി മഹിളാ സുരക്ഷാ എന്ന പേരിൽ പദ്ധതി ആരംഭിച്ചതായും റെയിൽവേ വ്യക്തമാക്കി.

ഓപ്പറേഷൻ മാതൃശക്തിയുടെ കീഴിൽ ട്രെയിൻ യാത്രയ്‌ക്കിടെ പ്രസവ വേദന അനുഭവിക്കുന്ന ഗർഭിണികളെ സഹായിക്കാനും പ്രത്യേക ടീം രൂപീകരിച്ചിരുന്നതായി റെയിൽവേ പറഞ്ഞു. രാത്രി സുരക്ഷാ എന്ന ഓപ്പറേഷനിലൂടെ 300 ലധികം ക്രിമിനലുകളെയാണ് പിടികൂടിയത്.ട്രെയിൻ വഴിയുള്ള മനുഷ്യക്കടത്ത് ഭീഷണിയും ഗണ്യമായി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 22 പ്രായപൂർത്തിയാകാത്തവരടക്കം 35 പേരെയാണ് റെയിൽവേ മനുഷ്യക്കടത്തിൽ നിന്നും രക്ഷിച്ചത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 8 പേരെ അറസ്റ്റ് ചെയ്തു.

ആർപിഎഫിന്റെ നേതൃത്വത്തിൽ നടന്ന വിവിധ ഓപ്പറേഷനിലൂടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയും യാത്രക്കാർക്ക് സുഗമമായ യാത്ര പ്രദാനം ചെയ്യുമെന്ന റെയിൽവേയുടെ ഉറപ്പ് പാലിക്കപ്പെടുകയും ചെയ്തുവെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

Related News