Loading ...

Home International

സുരക്ഷ വിഷയങ്ങളില്‍ അമേരിക്കയുടെ ഉറപ്പു ലഭിക്കാതെ പിന്‍മാറ്റമില്ലെന്ന് റഷ്യ

സുരക്ഷ വിഷയങ്ങളില്‍ വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാതെ യുക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്നും പൂര്‍ണമായ സൈനിക പിന്‍മാറ്റം സാധ്യമല്ലെന്ന് റഷ്യ അറിയിച്ചു.യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്ന നടപടി യു.എസ് ഉടന്‍ അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. യു.എസ് സുരക്ഷാ നിര്‍ദേശങ്ങള്‍ക്കുള്ള റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടിസ്‍ലാണ് റഷ്യയുടെ ആവശ്യം. കിഴക്കന്‍ യൂറോപ്പിലെ നാറ്റോ-യു.എസ് സേനയെ പിന്‍വലിക്കണമെന്നും യു.എസ് മുന്‍കൈയെടുത്ത് ഉറപ്പുകള്‍ നല്‍കിയില്ലെങ്കില്‍ സാങ്കേതികമായും സൈനികമായും ശക്തമായി പ്രതികരിക്കുമെന്നും റഷ്യ മുന്നറിയിപ്പും നല്‍കി.

അധിനിവേശ താല്‍പര്യം റഷ്യക്കില്ലെന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ആവര്‍ത്തിച്ചു. നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരമാണ് താല്‍പര്യമെന്നുംവിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഇറ്റലിയുടെ വിദേശകാര്യ മന്ത്രി ലൂജി ഡി മായിയോക്ക് ഉറപ്പുനല്‍കി. യുക്രെയ്നിന് നാറ്റോ അംഗത്വം നല്‍കാതിരുന്നാല്‍ സുരക്ഷാ കാര്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളുമായി ചര്‍ച്ച തുടരും.

യുക്രെയ്ന്‍ വിമതര്‍ ഷെല്ലാക്രമണം നടത്തിയതോടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ആരോപിച്ചു. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ലുഹാന്‍സ്ക് എന്ന് വിമതര്‍ സ്വയം പ്രഖ്യാപിച്ച മേഖലയില്‍നിന്നാണു യുക്രെയ്ന്‍ സൈന്യത്തിനുനേരെ ഷെല്ലാക്രമണമുണ്ടായത്. എന്നാല്‍ യുക്രെയ്ന്‍ സേന പ്രകോപനമില്ലാതെ നാലുവട്ടം വെടിവച്ചതായി വിമതര്‍ ആരോപിച്ചു.

യുക്രെയ്ന്‍ സംഘര്‍ഷം ചര്‍ച്ചാവിഷയമായ മ്യൂണിക് സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇന്ന് മ്യൂണിക്കില്‍ എത്തും. യുക്രെയ്ന്‍ പ്രസിഡന്റ് ഉള്‍പ്പെടെ എല്ലാ പ്രമുഖ യൂറോപ്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, യുക്രെയ്ന്‍ ആക്രമിക്കാനും വരും ദിവസങ്ങളില്‍ ആക്രമണം നടത്താനുമുള്ള കാരണം കെട്ടിച്ചമക്കാന്‍ റഷ്യ തയ്യാറെടുക്കുകയാണെന്ന് യു. എസ് ആരോപിച്ചു. സൈനിക നടപടി ഉടനടി ആരംഭിക്കുമെന്ന് വ്യാഴാഴ്ച പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ നയതന്ത്രപരമായ പരിഹാരം ഇപ്പോഴും സാധ്യമാണെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, യു.എസ് അനാവശ്യ പിരിമുറുക്കം സൃഷ്ടിക്കുകയാണെന്നും അവരുടെ അവകാശവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും റഷ്യ പ്രതികരിച്ചു. യുക്രെയ്നെ അക്രമിക്കുമെന്ന വാര്‍ത്തകള്‍ റഷ്യ ആവര്‍ത്തിച്ച്‌ നിരസിച്ചു. ​സൈന്യത്തെ അതിര്‍ത്തിയില്‍നിന്ന് പിന്‍വലിച്ചുതുടങ്ങിയതായും അവര്‍ അറിയിച്ചു. എന്നാല്‍, യു.എസ് അടക്കമുള്ള പശ്ചാത്യ രാജ്യങ്ങള്‍ ഇത് വിശ്വസിച്ചിട്ടില്ല.

Related News