Loading ...

Home International

കാഴ്ച്ചയില്ലാത്തവർക്ക് കാഴ്ച്ച നൽകാൻ സഹായിക്കുന്ന ബയോണിക്ക് കണ്ണുകൾ വിജയകരമായി പരീക്ഷിച്ച് ശാസ്ത്രജ്ഞർ

കാഴ്ച്ചയില്ലാത്തവർക്ക് കാഴ്ച്ച നൽകാൻ സഹായിക്കുന്ന ബയോണിക്ക് കണ്ണുകൾ വിജയകരമായി പരീക്ഷിച്ച് ശാസ്ത്രജ്ഞർ. ഓസ്‌ട്രേലിയയിലെ സിഡ്‌നി സർവ്വകലാശാലയിലെയും ന്യൂ സൗത്ത് വെയിൽസ് സർവ്വകലാശാലയിലെയും ഗവേഷകരാണ് ഫീനിക്‌സ്-99 എന്ന അത്യാധുനിക ബയോണിക് കണ്ണ് ചെമ്മരിയാടുകളിൽ വിജയകരമായി പരീക്ഷിച്ചത്. ഈ ബയോണിക്ക് കണ്ണുകൾ ചെമ്മരിയാടുകളുടെ ശരീരത്തിൽ പാർശ്വഫലങ്ങൾ ഒന്നുമുണ്ടാക്കിയില്ലെന്നും ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.ഓസ്‌ട്രേലിയയിലെ കാഴ്ച്ചയില്ലാത്ത ചെമ്മരിയാടുകളെ തിരഞ്ഞെടുത്ത് അവയുടെ കണ്ണുകളിലെ റെട്ടിനക്ക് പുറകിൽ ഫീനിക്‌സ്-99 സ്ഥാപിച്ചാണ് പരീക്ഷണം നടത്തിയത്. ഫീനിക്‌സ്-99 സ്ഥാപിച്ച എല്ലാ ചെമ്മരിയാടുകൾക്കും വ്യക്തമായി കാണാൻ കഴിഞ്ഞെന്ന് ശാസ്ത്രീയ പഠനങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. ഇനി കാഴ്ച്ചാപ്രശ്‌നങ്ങളുള്ള മനുഷ്യരുടെ കണ്ണുകളിൽ ഉപകരണം സ്ഥാപിക്കാനാണ് ഗവേഷകരുടെ തീരുമാനം.

പ്രകാശത്തെ അപഗ്രഥിക്കാൻ കഴിയുന്ന കോശങ്ങളാണ് ആരോഗ്യമുള്ള റെട്ടിനയിൽ ഉണ്ടാവുകയെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഈ കോശങ്ങൾ പ്രകാശത്തെ ഇലക്ട്രിക്കൽ സന്ദേശങ്ങളാക്കി ഒപ്റ്റിക് നെർവിലൂടെ മസ്തിഷ്‌കത്തിലേക്ക് അയക്കും. മസ്തിഷ്‌കമാണ് ഈ സന്ദേശങ്ങളിലെ ഉള്ളടക്കത്തെ കാഴ്ച്ചയാക്കി മാറ്റുക.റെട്ടിനയിലെ കോശങ്ങൾക്ക് പ്രകാശത്തെ അപഗ്രഥിക്കാൻ കഴിയാത്തതാണ് ഭൂരിപക്ഷം കാഴ്ച്ചാപ്രശ്‌നങ്ങൾക്കും കാരണം. അതിനാൽ, റെട്ടിനക്ക് പുറകിൽ സ്ഥാപിക്കുന്ന ഫീനിക്‌സ്-99നെ കണ്ണിന് മുന്നിൽ വെക്കുന്ന പ്രത്യേക കണ്ണടയിലെ ക്യാമറയുമായി വയറില്ലാതെ ബന്ധിപ്പിച്ചിരിക്കും. ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങളെ ഫീനിക്‌സ്-99 സംസ്‌കരിച്ച് ഇലക്ട്രിക്കൽ സന്ദേശമാക്കി മസ്തിഷ്‌കത്തിലേക്ക് അയക്കുകയാണ് ചെയ്യുക.

ബയോണിക്ക് കണ്ണുകൾ ചെമ്മരിയാടുകളിൽ പാർശ്വഫലങ്ങൾ ഒന്നുമുണ്ടാക്കിയില്ലെന്ന് സിഡ്‌നി സർവ്വകലാശാലയിലെ ബയോമെഡിക്കൽ എഞ്ചിനീയറിങ് സ്‌കൂളിലെ എഞ്ചിനീയറായ സാമുവൽ ഇഗ്ഗെൻബെർഗർ ബി.ബി.സിയോട് പറഞ്ഞു.ലോകത്ത് ഇന്ന് ജീവിക്കുന്ന 220 കോടി മനുഷ്യർക്ക് എന്തെങ്കിലും തരത്തിലുള്ള കാഴ്ച്ചാപ്രശ്‌നങ്ങളുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കാഴ്ച്ചാപ്രശ്‌നങ്ങൾ മൂലം ഏകദേശം 2500 കോടി യു.എസ് ഡോളറിന് തുല്യമായ ഉൽപ്പാദനം ഇല്ലാതാവുന്നു.ബയോണിക്ക് കണ്ണ് സാങ്കേതിക വിദ്യയുടെ വികാസം ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ നിലപാട്. '' ബയോണിക് കണ്ണ് സാങ്കേതിക വിദ്യ നേത്രരോഗ ചികിൽസയിൽ വലിയ മാറ്റമാണ് കൊണ്ടുവരാൻ പോവുന്നത്. രോഗകാരണങ്ങൾ കണ്ടെത്തലും ചികിൽസയും ഇനി അതിവേഗം നടക്കും.''--ന്യൂജേഴ്‌സിയിലെ നേത്രരോഗ വിദഗ്ദയായ ഡോ. ഡയാൻ ഹിലാൽ കാമ്പോ പറയുന്നു.

Related News