Loading ...

Home National

ബംഗ്ലാദേശിന് റെയില്‍ ഗതാഗത മേഖലയില്‍ സാങ്കേതിക സൗകര്യമൊരുക്കി ഇന്ത്യ

ന്യൂഡല്‍ഹി: റെയില്‍ ഗതാഗത മേഖലയില്‍ ബംഗ്ലാദേശിന് എല്ലാ സഹായവും വാഗ്ദ്ദാനം ചെയ്ത് ഇന്ത്യ. വിശാലമായ ബംഗ്ലാദേശ് ചരക്കുഗതാഗത മേഖലയിലും യാത്രാരംഗത്തും വിപ്ലവകരമായ മാറ്റമാണ് റെയില്‍ ഗതാഗത വികസനത്തിലൂടെ സാദ്ധ്യമാകുന്നത്.മികച്ച കോച്ചുകളും സിഗ്നല്‍ മേഖലയില്‍ അത്യാധുനിക സൗകര്യങ്ങളുമാണ് ഇന്ത്യ നല്‍കുക. റെയില്‍വേക്കൊപ്പം ഊര്‍ജ്ജമേഖലയിലും ഇന്ത്യ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇരുരാജ്യങ്ങളും തുടരുന്നത് വിശാലമായ വാണിജ്യ വ്യാപാര കരാറുകളാണ്. അയല്‍പക്ക സൗഹൃദവുമാണ് റെയില്‍വേ മേഖലയിലും പ്രതിഫലിക്കുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശിനായി ഇന്ത്യയിലെ ഹൈക്കമ്മീഷന്‍ മുഹമ്മദ് ഇമ്രാനും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവുമാണ് ചര്‍ച്ച നടത്തിയത്. ബംഗ്ലാദേശിലെ റെയില്‍വേ മേഖലയിലെ സമഗ്രവികസനത്തിനാണ് ഇന്ത്യ സഹായം നല്‍കുന്നത്.
ബംഗ്ലാദേശ് റെയില്‍വേയ്‌ക്കായി ഡീസല്‍-ഇലട്രിക്കല്‍ സംവിധാനത്തില്‍ ഓടുന്ന എഞ്ചിനുകളും ഇലട്രിക് ട്രെയിനുകളും നല്‍കും. നിലവിലെ റെയില്‍വേയുടെ അറ്റകുറ്റപ്പണികളും ഇന്ത്യന്‍ റെയില്‍വേ എഞ്ചിനീയര്‍മാര്‍ പൂര്‍ത്തിയാക്കുമെന്നും ധാരണയില്‍ പറയുന്നു.

ഊര്‍ജ്ജമേഖലയില്‍ 1320 മെഗാവാട്ട് വൈദ്യുതി നിര്‍മ്മാണം സാധ്യമാക്കുന്ന കല്‍ക്കരി വൈദ്യുതി നിലയം ഇന്ത്യയാണ് നിര്‍മ്മിച്ച്‌ നല്‍കുന്നത്. ഇന്ത്യയുടെ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും ബംഗ്ലാദേശ് ഡെവലപ്‌മെന്റ് ബോര്‍ഡും പകുതിവീതം ചിലവ് വഹിച്ചുകൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുക.

Related News