Loading ...

Home National

ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമന ശുപാര്‍ശ വീണ്ടും പരിഗണിക്കും; കൊളീജിയം ഇന്ന്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ചര്‍ച്ച ചെയ്യാന്‍ കൊളീജിയം യോഗം ഇന്ന് ചേരും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലാണ് യോഗം.

ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമന ശുപാര്‍ശ മടക്കി അയച്ച്‌ കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ തീരുമാനമെടുക്കാനാണ് കൊളീജിയം ചേരുന്നത്. നിയമന ശുപാര്‍ശ കൊളീജിയം വീണ്ടും കേന്ദ്രസര്‍ക്കാരിന് അയക്കുമെന്നാണ് സൂചന.

വൈകുന്നേരം 4.15ന് സുപ്രീം കോടതി പരിസരത്ത് തന്നെയാണ് യോഗം ചേരുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

കൊളീജിയം യോഗത്തില്‍ മറ്റ് പ്രത്യേക അജണ്ടകളൊന്നും നിശ്ചയിച്ചിട്ടില്ല. കെ.എം ജോസഫിന്റെ നിയമന ശുപാര്‍ശ സുപ്രീംകോടതി വീണ്ടും പരിഗണിക്കുകയാണെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന് തലവേദനയാകും.

നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാതെ തിരിച്ചയച്ചതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് നിയമനം അംഗീകരിക്കാത്തതെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ സീനിയോറിറ്റിയുടെ കാര്യം പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കെ.എം ജോസഫിന്റെ നിയമനം അംഗീകരിക്കാതിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ ശബ്ദമുയര്‍ത്താതിരുന്നാല്‍ അത് സുപ്രീംകോടതിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുമെന്ന തരത്തിലുള്ള പ്രസ്താവന മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാരില്‍ നിന്നുമുണ്ടായിരുന്നു. പരമോന്നത കോടതിയെന്ന നിലയ്ക്ക് അതിന്റെ സ്വാതന്ത്രവും പരമാധികാരവും ഉയര്‍ത്തിപ്പിടിക്കാന്‍ ഇടപെടണമെന്ന് ചീഫ് ജസ്റ്റിസിന് മേല്‍ ഉണ്ടായ സമ്മര്‍ദമാണ് കൊളീജിയം യോഗം വിളിച്ച്‌ നിലപാട് അറിയിക്കുക എന്നതിലേക്ക് എത്തിയിരിക്കുന്നത്.

ഇന്ദുമല്‍ഹോത്ര, കെ.എം ജോസഫ് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തി മാസങ്ങള്‍ക്ക് മുന്നെ കൊളീജിയം തീരുമാനമെടുത്തിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്ബ് ഇന്ദുമല്‍ഹോത്രയുടെ നിയമനം അംഗീകരിക്കുകയും, കെ.എം ജോസഫിന്റെ നിയമന ശുപാര്‍ശ തിരിച്ചയക്കുകയുമായിരുന്നു

Related News