Loading ...

Home International

രണ്ട്​ ദിവസത്തെ സന്ദര്‍ശനത്തിന് തുര്‍ക്കി പ്രസിഡന്‍റ്​ ഉര്‍ദുഗാന്‍ യു.എ.ഇയില്‍

ദുബൈ: തുര്‍ക്കി പ്രസിഡന്‍റ് റജബ്​ ത്വയ്യിബ്​​ ഉര്‍ദുഗാന്‍ രണ്ട്​ ദിവസത്തെ സന്ദര്‍ശനത്തിന്​ യു.എ.ഇയിലെത്തി.ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ്​ ഉര്‍ദുഖാന്‍ ഔദ്യോഗികമായി യു.എ.ഇ സന്ദര്‍ശിക്കുന്നത്​. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ ആല്‍ നെഹ്​യാനുമായി കൂടിക്കാഴ്ച നടത്തി. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ്​ മന്‍സൂര്‍ ബിന്‍ സായിദും ഒപ്പമുണ്ടായിരുന്നു.ചൊവ്വാഴ്ച ഉര്‍ദുഗാനും ഭാര്യ എമൈനും ദുബൈ എക്സ്​പോയിലെ തുര്‍ക്കി പവലിയന്‍ സന്ദര്‍ശിച്ചേക്കും. എക്സ്​പോയില്‍ നടക്കുന്ന തുര്‍ക്കിയുടെ ദേശീയ ദിനാഘോഷത്തിലും പ​ങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്നാണ്​ പ്രതീക്ഷ. മിഡ്​ല്‍ ഈസ്റ്റിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനും സന്ദര്‍ശനം ഗുണം ചെയ്യും. കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ഊര്‍ജം, ജലം, ആരോഗ്യം, കൃഷി, ലോജിസ്റ്റിക്സ്​, അടിസ്ഥാന സൗകര്യ വികസനം, ടൂറസിം തുടങ്ങിയ മേഖലകളില്‍ കരാറുകള്‍ ഒപ്പുവെച്ചേക്കും.

നയതന്ത്ര ബന്ധത്തിലെ പുതിയ അധ്യായമായിരിക്കും ഇതെന്ന്​ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ ഖലീഫയുടെ ഉപദേശകന്‍ ഡോ. അന്‍വര്‍ ഗര്‍ഗാഷ്​ പറഞ്ഞു. കഴിഞ്ഞ മാസങ്ങളിലായി ടര്‍ക്കിഷ്​ കമ്ബനികള്‍ യു.എ.ഇയില്‍ കൂടുതലായി ചുവടുറപ്പിച്ചിരുന്നു. വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതോടെ കൂടുതല്‍ ടര്‍ക്കിഷ്​ സ്ഥാപനങ്ങള്‍ ഇവിടേക്ക്​ എത്തുമെന്നാണ്​ പ്രതീക്ഷ. രണ്ട്​ മാസം മുന്‍പ്​ തുര്‍ക്കിയിലെ അങ്കാറയിലെത്തി ഉര്‍ദുഗാനുമായി ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ കൂടികാഴ്ച നടത്തിയിരുന്നു. തുര്‍ക്കിയില്‍ പത്ത്​ ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം അന്ന്​ പ്രഖ്യാപിച്ചിരുന്നു.


Related News