Loading ...

Home National

'ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗം': ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ യോഗം ചേരും

ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉടന്‍ യോഗം ചേരും.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഫോണില്‍ വിളിച്ച്‌ നിര്‍ദേശം നല്‍കിയതെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

"ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗത്തില്‍ പ്രിയപ്പെട്ട ദീദി ഫോണില്‍ വിളിച്ച്‌ ആശങ്ക പ്രകടിപ്പിച്ചു. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം ചേരാന്‍ അവര്‍ നിര്‍ദേശിച്ചു"- എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു."സംസ്ഥാനങ്ങളുടെ ഭരണാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന ഡി.എം.കെയുടെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച്‌ ഞാന്‍ അവര്‍ക്ക് ഉറപ്പുനല്‍കി. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം ഉടന്‍ നടക്കും"- രണ്ടാമത്തെ ട്വീറ്റില്‍ എം കെ സ്റ്റാലിന്‍ പറഞ്ഞു.

നീറ്റ് പരീക്ഷയില്‍ നിന്നു തമിഴ്നാടിനെ ഒഴിവാക്കാനുള്ള ബില്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവി തിരിച്ചയച്ചതിനു പിന്നാലെ, സംസ്ഥാനത്തിനു ഗവര്‍ണറെ ആവശ്യമുണ്ടോയെന്ന് എം കെ സ്റ്റാലിന്‍ ചോദിക്കുകയുണ്ടായി. ബില്‍ വീണ്ടും ഗവര്‍ണറുടെ പരിഗണനയ്ക്ക് അയക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അംഗീകാരത്തിനായി അയക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ബംഗാളിലാകട്ടെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ ഭരണഘടനാപരമായ പരിധികള്‍ ലംഘിച്ചെന്ന് ആരോപിച്ച്‌ നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹത്തിനെതിരെ പ്രമേയം കൊണ്ടുവരുമെന്ന് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്ന് മമത ബാനര്‍ജി പരാതിപ്പെട്ടു. ഗവര്‍ണറെ മമത ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു. നിയമസഭാ സമ്മേളനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ച ബംഗാള്‍ സര്‍ക്കാരിന്‍റെ നടപടി ഉന്നത പദവിയിലിരിക്കുന്ന ഒരാളില്‍ നിന്ന് പ്രതീക്ഷിക്കാത്തതാണെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു. അതേസമയം മന്ത്രിസഭയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് നിയമസഭാ സമ്മേളനം നീട്ടിവെച്ചതെന്നും അതില്‍ ആശയക്കുഴപ്പമില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പ്രതികരിച്ചു.

ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടായിരുന്നു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വിവാദ ബില്‍ പാസാക്കി. ഛത്തിസ്ഗഢിലും ഗോവയിലും കോണ്‍ഗ്രസ് ഭരണത്തിലായിരിക്കെ ഗവര്‍ണറുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.

Related News