Loading ...

Home International

ഉക്രൈൻ വിഷയത്തിൽ റഷ്യ- അമേരിക്ക ചർച്ച പരാജയം

ഉക്രൈന്‍ വിഷയത്തില്‍ അനുരഞ്ജനത്തിനു അമേരിക്കയുടെ അവസാനശ്രമവും പാളി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണ്‍വഴി നടത്തിയ ചര്‍ച്ച കാര്യമായി ഫലംകണ്ടില്ല.പിന്നാലെ, യുക്രൈനെ ആക്രമിച്ചാല്‍ കനത്ത വിലനല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യു.എസ്.

യുക്രൈനില്‍ കൂടുതല്‍ അധിനിവേശത്തിനു ശ്രമിച്ചാല്‍ അമേരിക്ക സഖ്യകക്ഷികള്‍ക്കും മറ്റു പങ്കാളികള്‍ക്കുമൊപ്പം ശക്തമായി പ്രതികരിക്കുമെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഇതിന് റഷ്യയ്ക്ക് കനത്ത വിലനല്‍കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. നയതന്ത്രപരമായി വിഷയം കൈകാര്യം ചെയ്യാനാണ് തങ്ങള്‍ ശ്രമിക്കുന്നതെങ്കിലും മറ്റ് സാഹചര്യങ്ങള്‍ക്കും പൂര്‍ണമായി സജ്ജമാണെന്നും ബൈഡന്‍ അറിയിച്ചു.

യുക്രൈനിലെ എംബസിയില്‍നിന്ന് ജീവനക്കാരെ തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് ബൈഡന്‍ പുടിനുമായി ഫോണില്‍ സംസാരിച്ചത്. എന്നാല്‍, ഇതില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. യു.എസ് വാദങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും റഷ്യ വഴങ്ങിയില്ലെന്നാണ് ലഭിക്കുന്ന വിവരം. യുക്രൈന്‍ ആക്രമിക്കാന്‍ റഷ്യ നീക്കം നടത്തുന്നതായുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വാദങ്ങളെ പുടിന്‍ തള്ളിക്കളഞ്ഞു.

ആഴ്ചകളായി യുക്രൈന്‍ അതിര്‍ത്തിയില്‍ ലക്ഷക്കണക്കിന് റഷ്യന്‍ സൈനികരാണ് നിലയുറപ്പിച്ചിട്ടുള്ളത്. ക്രീമിയ ദ്വീപിലും ബെലാറസിലുമെല്ലാം റഷ്യ യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Related News