Loading ...

Home National

ലോകത്തിലെ ഏറ്റവും നീളമുള്ള ഹൈവേ ടണല്‍; വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി അടല്‍ ടണല്‍

ന്യൂഡല്‍ഹി: 10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളമുള്ള ഹൈവേ ടണലെന്ന നേട്ടത്തോടെ 'വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍' ഇടം നേടി അടല്‍ ടണല്‍.

മണാലിയെ ലഹൗള്‍-സ്പിതിയുമായി ബന്ധിപ്പിക്കുന്ന എഞ്ചിനീയറിംഗ് വിസ്മയമാണിത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ലെഫ്.ജനറല്‍ രാജീവ് ചൗധരിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ബിആര്‍ഒയുടെ പ്രവര്‍ത്തന മികവിന് ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്ന് പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം അദ്ദേഹം വ്യക്തമാക്കി. അസാധാരണമായ റെക്കോര്‍ഡുകള്‍ പരിശോധിച്ച്‌ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയാണ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് യുകെ ചെയ്യുന്നത്.

2020 ഒക്ടോബര്‍ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടല്‍ ടണല്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. മണാലി-ലേ ഹൈവേയിലാണ് അടല്‍ ടണല്‍ സ്ഥിതി ചെയ്യുന്നത്. 9.02 കിലോമീറ്റര്‍ നീളമാണ് ഇൗ ടണലിനുള്ളത്. വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും അതീവ ദുര്‍ഘടമായ കാലാവസ്ഥയേയും അതിജീവിച്ചാണ് ടണലിന്റെ നിര്‍മ്മാണം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയിയുടെ ബഹുമാനാര്‍ത്ഥമാണ് ടണലിന് അടല്‍ ടണല്‍ എന്ന പേര് നല്‍കിയത്.

തുരങ്കം നിര്‍മ്മിക്കുന്നതിന് മുന്‍പ് ശൈത്യകാലങ്ങളില്‍ ഹൈവേ അടച്ചിടുമായിരുന്നു. ലഹൗള്‍-സ്പിതി മേഖലകള്‍ ഇതോടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഒറ്റപെടും. എന്നാല്‍ ടണല്‍ നിര്‍മ്മിച്ചതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായി. മണാലിക്കും സര്‍ച്ചുവിനുമിടയിലുള്ള 46 കിലോമീറ്റര്‍ ദൂരമാണ് ടണല്‍ വന്നതോടെ കുറയ്‌ക്കാനായത്. യാത്രാ സമയവും നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ കുറയ്‌ക്കാന്‍ സാധിച്ചു. മണാലി-ലേ പാതയില്‍ ഏതു കാലാവസ്ഥയിലും സഞ്ചരിക്കാനും ഇപ്പോള്‍ സാധിക്കും.


Related News