Loading ...

Home International

ഭൗമകാന്തിക കൊടുങ്കാറ്റില്‍ സ്പേസ് എക്സിന് 40 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ നഷ്ടമായി

ന്യൂയോര്‍ക്ക്: സൂര്യനില്‍ നിന്നുള്ള ഭൗമകാന്തിക കൊടുങ്കാറ്റില്‍ സ്പേസ് എക്സിന് 40 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ നഷ്ടമായി.ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 49 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ ഒരു പുതിയ ബാച്ച്‌ വിക്ഷേപിച്ചതിന് ദിവസങ്ങള്‍ക്കുള്ളില്‍ ഭൗമകാന്തിക കൊടുങ്കാറ്റില്‍ അവയില്‍ 40 എണ്ണം നഷ്ടപ്പെടുകയായിരുന്നെന്ന് സ്പേസ് എക്സ് വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിന് പിന്നാലെയാണ് ഭൗമകാന്തിക കൊടുങ്കാറ്റ് ഉണ്ടായത്. ഇത് ഏകദേശം നാല് മണിക്കൂര്‍ നീണ്ടുനിന്നു. സൂര്യനിലെ ആളിക്കത്തല്‍ കൊണ്ടുണ്ടാകുന്ന കാന്തിക കണങ്ങളുടെ പ്രവാഹമാണ് ഈ കൊടുങ്കാറ്റ്. ഇത് വസ്തുക്കളെ ബഹിരാകാശ ശൂന്യതയിലേക്കും ഭൂമി ഉള്‍പ്പെടെയുള്ള ആന്തരിക ഗ്രഹങ്ങളിലേക്കും തള്ളിവിടുന്നു. ജി2-ക്ലാസ് ഭൗമകാന്തിക കൊടുങ്കാറ്റിനെക്കുറിച്ച്‌ വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇലോണ്‍ മസ്‌കിന് കീഴിലുള്ള സ്പേസ് എക്സ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് ഫാല്‍ക്കര്‍ 9 റോക്കറ്റില്‍ 49 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. 2018 ഫെബ്രുവരിയിലാണ് ആദ്യ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. 2020 ജനുവരി ആയപ്പോഴേക്കും സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ എണ്ണം 2000 കടന്നിരുന്നു. എന്നാല്‍ ഇതില്‍ പലതും പല കാരണങ്ങളാല്‍ പ്രവര്‍ത്തനക്ഷമമല്ലാതായി. ഭൂമിയില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് ഡിഷ് ആന്റിന വഴി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സ്റ്റാര്‍ലിങ്ക് പദ്ധതി കൊണ്ട് ഇലോണ്‍ മസ്‌ക് ലക്ഷ്യമിടുന്നത്.

ബഹിരാകാശ ടൂറിസത്തിലും സ്പേസ് എക്സ് പുതുചരിത്രമെഴുതിയിരുന്നു. 2021 സെപ്റ്റംബറില്‍ നാല് സഞ്ചാരികള്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റിലേറി ബഹിരാകാശത്ത് എത്തിയിരുന്നു. ഇന്‍സ്പിരേഷന്‍ 4 എന്നു പേരിട്ട ദൗത്യത്തില്‍ ശതകോടീശ്വരനായ ജാറെദ് ഐസക്മാന്‍ (38), ശിശുരോഗവിദഗ്ധ ഹെയ്‌ലി അര്‍സിന, ജിയോസയന്‍സ് പ്രഫസര്‍ സിയാന്‍ പ്രോക്റ്റര്‍ (51), യുഎസ് വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥന്‍ ക്രിസ് സെംബ്രോസ്‌കി (42) എന്നിവരാണു മൂന്നു ദിവസം ബഹിരാകാശത്തു തങ്ങിയശേഷം തിരിച്ചെത്തിയത്.

Related News