Loading ...

Home National

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 17,000 കര്‍ഷകരെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍

2018 മുതല്‍ 2021 വരെയുള്ള മൂന്ന് വര്‍ഷക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 17000ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ കണക്കുകളെ അവംലബിച്ചാണ് സര്‍ക്കാര്‍ ഈ വിവരം സഭയില്‍ അവതരിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയാണ് വിവരങ്ങള്‍ പാര്‍ലമെന്റിന് മുന്‍പാകെ അവതരിപ്പിച്ചത്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് 2018ല്‍ ആകെ 5,763 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 2019ല്‍ 5,957 കര്‍ഷക ആത്മഹത്യകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 2020ല്‍ 5,579 കര്‍ഷകരാണ് ജീവനൊടുക്കിയത്. ഇതില്‍ 5,535 കര്‍ഷകരും പുരുഷന്മാരായിരുന്നു. 244 കര്‍ഷക സ്ത്രീകളാണ് 2020ല്‍ ജീവനൊടുക്കിയത്.

മഹാരാഷ്ട്രയിലാണ് കര്‍ഷക ആത്മഹത്യകളുടെ നിരക്ക് ഏറ്റവും കൂടുതല്‍. ലിസ്റ്റിലെ 37.5 ശതമാനം പേരും മഹാരാഷ്ട്രയില്‍ നിന്നാണ്. കര്‍ണാടകയില്‍ നിന്നുള്ള 18.9 കര്‍ഷകരാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആന്ധ്രാപ്രദേശില്‍ നിന്നും 8.3 ശതമാനം കര്‍ഷക ആത്മഹത്യകളും മധ്യപ്രദേശില്‍ നിന്നും 6.9 ശതമാനം കര്‍ഷക ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഛത്തീസ്ഗഢില്‍ നിന്ന് 5 ശതമാനം കര്‍ഷക ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ ആത്മഹത്യകളുടെ ഏഴ് ശതമാനം കര്‍ഷക ആത്മഹത്യയാണ്. പശ്ചിമ ബംഗാള്‍, ബിഹാര്‍, നാഗാലാന്‍ഡ്, ത്രിപുര, ഡല്‍ഹി, ലഡാക്ക്, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇക്കാലയളവില്‍ കര്‍ഷക ആത്മഹത്യകള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related News