Loading ...

Home National

ഹിജാബ് വിവാദം പടരുന്നു; ശിവമോഗയില്‍ കോളജുകള്‍ അടച്ചു, നിരോധനാജ്ഞ

ബംഗളൂരു: മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചു കോളജില്‍ വരുന്നതു വിലക്കിയതിനെത്തുടര്‍ന്ന് ഉഡുപ്പി ജില്ലയില്‍ ഉടലെടുത്ത സമരവും വിവാദവും മറ്റു ജില്ലകളിലും രൂക്ഷമാകുന്നു.ശിവമോഗ, ഹസന്‍ ജില്ലകളിലും സമരവും ബദല്‍ സമരവും ശക്തമായിരിക്കുകയാണ്.

ഹിജാബ് ധരിച്ചു കോളജില്‍ കയറാനുള്ള അവകാശത്തിനായി മുസ്‌ലിം പെണ്‍കുട്ടികള്‍ രംഗത്ത് ഇറങ്ങുകയും അതിനു പിന്തുണയുമായി ചില സംഘടനകള്‍ രംഗത്തുവരികയും ചെയ്തതിനു പിന്നാലെ ഇതിനു ബദലായി ഹിന്ദു കുട്ടികളില്‍ ഒരു വിഭാഗം കാവിഷാള്‍ ധരിച്ചു കാന്പസുകളില്‍ എത്തുകയായിരുന്നു.രണ്ടു കൂട്ടരെയും ക്ലാസുകളില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല. ഉഡുപ്പി ജില്ലയില്‍നിന്നു ശിവമോഗയിലേക്കു പടര്‍ന്ന പ്രതിഷേധം സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലും കലാശിച്ചതിനെത്തുടര്‍ന്ന് ഇവിടെ കോളജുകള്‍ രണ്ടു ദിവസത്തേക്ക് അടച്ചു. നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പല കോളജുകളുടെയും മുന്നില്‍ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ക്കു കാവി ഷാള്‍ വിതരണം ചെയ്യാന്‍ രംഗത്തിറങ്ങിയത് സംഘര്‍ഷം വര്‍ധിപ്പിച്ചു. സംഘര്‍ഷം പടര്‍ന്ന കോളജുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ രംഗത്തെത്തി. കോളജുകള്‍ അടച്ചു ക്ലാസുകള്‍ ഒാണ്‍ലൈന്‍ ആക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഇതിനിടെ, മധ്യപ്രദേശിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുമെന്ന സൂചന നല്‍കി വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പാര്‍മര്‍ രംഗത്തെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യുണിഫോം ധരിക്കണമെന്നും ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, ഉഡുപ്പി ഗവ.പിയു കോളജില്‍ ഇന്നലെ ഹിജാബും കാവിഷാളും ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പ്രത്യേക ക്ലാസ് റൂമുകളിലാണ് ഇരുത്തിയത്. ക്ലാസുകളില്‍ പോകാന്‍ ഇവര്‍ക്ക് അനുമതി നല്‍കിയില്ല. യുണിഫോം ധരിച്ചെത്തുന്നവരെ മാത്രമേ ക്ലാസുകളില്‍ പ്രവേശിപ്പിക്കൂ എന്ന നിലപാടിലാണ് കോളജ് അധികൃതര്‍.

ഉഡുപ്പിയിലെയും കുന്ദാപുരത്തെയും കോളജുകളില്‍ തുടക്കമിട്ട ഹിജാബ് വിവാദം ഇപ്പോള്‍ ചിക്കബെല്ലാപൂര്‍, ചിക് മംഗളൂരു, ഹാസന്‍, മാണ്ഡ്യ, വിജയപുര ജില്ലകളിലെ കോളജുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

ഉഡുപ്പി ജില്ലയില്‍ മാത്രം ഏഴു കോളജുകളിലെ പഠനത്തെ ഇതു ബാധിച്ചുകഴിഞ്ഞു. മിക്ക ജില്ലകളിലും ഇതു ഒരു ക്രമസമാധാന പ്രശ്നമായി വളര്‍ന്നുകഴിഞ്ഞെന്നാണ് സൂചന. ഇതിനിടെ, ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു രണ്ടു മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുകയാണ്.

Related News