Loading ...

Home National

ജെ.എന്‍.യുവിലെ ആദ്യ വനിത വൈസ് ചാന്‍സലറായി ശാന്തിശ്രീ പണ്ഡിറ്റ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ആദ്യ വനിതാ വൈസ് ചാന്‍സലറായി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചു.നിലവില്‍ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണ് ശാന്തിശ്രീ പണ്ഡിറ്റ്.

ശാന്തിശ്രീ പണ്ഡിറ്റിനെ അഞ്ച് വര്‍ഷത്തേക്ക് ജെ.എന്‍.യു വൈസ് ചാന്‍സലറായി നിയമിക്കുന്നതിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. 59 കാരിയായ ശാന്തിശ്രീ പണ്ഡിറ്റ് ജെ.എന്‍.യുവിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയാണ്. അവര്‍ ജെ.എന്‍.യുവില്‍ എം.ഫിലും ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ പി.എച്ച്‌.ഡിയും ചെയ്തിട്ടുണ്ട്. 1988ല്‍ ഗോവ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ശാന്തിശ്രീ പണ്ഡിറ്റ് അധ്യാപന ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് 1993ല്‍ പൂനെ യൂനിവേഴ്‌സിറ്റിയിലേക്ക് മാറി.

യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ അംഗം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്‌ അംഗം, കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള വിസിറ്റേഴ്സ് നോമിനി എന്നീ നിലയിലൊക്കെ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . വിവിധ അക്കാദമിക് ബോഡികളില്‍ അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാനം വഹിച്ച അവര്‍ 29 ഗവേഷണങ്ങള്‍ക്ക് മേല്‍നോട്ടം നിര്‍വഹിച്ചിട്ടുണ്ട്.

ജെ.എന്‍.യു മുന്‍ വൈസ് ചാന്‍സലറായ എം. ജഗദേഷ് കുമാറിന്‍റെ അഞ്ച് വര്‍ഷ കാലാവധി കഴിഞ്ഞ മാസമാണ് അവസാനിച്ചത്. ജെ.എന്‍.യുവില്‍ നിരവധി ഹിന്ദുത്വ വര്‍ഗീയ അജണ്ടകള്‍ പ്രചരിപ്പിച്ച ജഗദേഷ് കുമാറിനെ പുതിയ യു.ജി.സി ചെയര്‍മാനായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ആഴ്ച നിയമിച്ചിരുന്നു

Related News