Loading ...

Home International

അതിരുകള്‍ അലിയിച്ച സംഗീതം,ഇന്ത്യയുടെ വാനമ്പാടി ഇനി ഓര്‍മ;രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം

അനശ്വര സംഗീതസ്വരമാധുരി കൊണ്ട് തലമുറകളെ ആനന്ദിപ്പിച്ച ഇതിഹാസത്തിന് വിട. സന്തോഷത്തിലും സന്താപത്തിലും പ്രണയത്തിലും വിരഹത്തിലുമെല്ലാം മാസ്മരസ്വരംകൊണ്ട് പരലക്ഷങ്ങള്‍ക്ക് ആശ്വാസക്കുളിര്‍ പകര്‍ന്ന ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ ഇനി നിലക്കാത്ത ശബ്ദമധുരമായി ഓര്‍മകളില്‍ നിറയും.

മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടക്കം പ്രമുഖരുടെ നേതൃത്വത്തില്‍ രാജ്യം ലതയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരചടങ്ങുകള്‍. നിറകണ്ണുകളോടെ ആയിരങ്ങള്‍ പ്രിയഗായികയ്ക്ക് യാത്രാമൊഴി നല്‍കി.

അന്ത്യം സംഭവിച്ച മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍നിന്ന് വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം വിലാപയാത്രയായി ശിവാജി പാര്‍ക്കിലെത്തിച്ചത്. വഴിയോരം നിറയെ ആയിരങ്ങളാണ് പ്രിയ ഗായികയ്ക്ക് അന്ത്യയാത്ര നല്‍കാനെത്തിയിരുന്നത്. ശിവാജി പാര്‍ക്കിലും ആരാധകരും സംഗീതപ്രേമികളും തടിച്ചുകൂടി. സഹോദരിയും ഗായികയുമായ ആശാ ഭോസ്‌ലെ, ഷാറൂഖ് ഖാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശരദ് പവാര്‍, ആദിത്യ താക്കറെ, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി വിവിധ തുറകളിലുള്ള പ്രമുഖരും സംസ്‌കാരചടങ്ങിനു സാക്ഷിയാകാനെത്തി. നേരത്തെ ലതാ മങ്കേഷ്‌കറുടെ വസതിയിലും അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, ജാവേദ് അക്തര്‍, സഞ്ജയ് ലീല ബന്‍സാലി അടക്കം പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ഇന്നു രാവിലെയായിരുന്നു സ്വകാര്യ ആശുപത്രിയില്‍ ലതാ മങ്കേഷ്‌ക്കറുടെ അന്ത്യം. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ലതയെ ന്യൂമോണിയയെത്തുടര്‍ന്ന് നില ഗുരുതരമായാണ് ഇന്നലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ഇന്നുരാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. 92 വയസായിരുന്നു.

ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌കറെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ ദിവസങ്ങള്‍ക്ക് മുമ്ബാണ് ഐസിയുവില്‍നിന്ന് മാറ്റിയത്. എന്നാല്‍, ഇന്നലെ വീണ്ടും ആരോഗ്യനില വഷളാകുകയായിരുന്നു.

 1958ൽ മധുമതി എന്ന ചിത്രത്തിൽ ലത ആലപിച്ച ‘ആജ് ദേ പർദേസി’ എന്ന ഗാനത്തിന് ഫിലിംഫെയർ അവാർഡ് ലഭിച്ചതോടെയാണ് à´ˆ ഗായിക പ്രശസ്തിയിലേക്ക് ചുവടുവയ്ക്കാൻ ആരംഭിച്ചത്. പിന്നീട് ജയാ ബച്ചനും സഞ്ജീവ് കുമാറും ഒന്നിച്ചഭിനയിച്ച ‘പരിചയ്’ എന്ന ഹിന്ദി ചിത്രത്തിലെ ‘ബീട്ടി നാ ബിട്ടായി രെഹ്നാ’ എന്ന ഗാനത്തിലൂടെ ദേശീയ അവാർഡും ആദ്യമായി ലതാജിയെ തേടിയെത്തി. സംഗീതവും, അഭിനയവും മാത്രമല്ല, നിർമാണവും തനിക്ക് വഴങ്ങുമെന്ന് ലത തെളിയിച്ചത് 1990ലാണ്.

പ്രശസ്ത ഗാനരചയിതാവായ ഗുൽസാർ സംവിധാനം ചെയ്ത ‘ലേക്കിൻ’ എന്ന ചിത്രമാണ് അവർ അന്ന് നിർമിച്ചത്. അതുമാത്രമല്ല, ഈ ചിത്രത്തിൽ ലതാജി ആലപിച്ച ‘യാരാ സീലി സീലി’ എന്ന ഗാനം ദേശീയ അവാർഡും നേടിക്കൊടുത്തു. 1974ൽ ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായിക എന്ന ഗിന്നസ് ലോക റെക്കോർഡ് ബഹുമതി ലതാ ജിയെ തേടിയെത്തിയിരുന്നു.

Related News