Loading ...

Home National

കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കാനുള്ള നീക്കം ആരംഭിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം രാജസ്ഥാനില്‍ കാര്‍ഷിക ആവശ്യത്തിനായി വൈദ്യുത പ്ലാന്റ് സ്ഥാപിക്കുമെന്നും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വികസനത്തിനായി കൂടുതല്‍ തുക വകയിരുത്താന്‍ ബജറ്റ് സമ്മേളനത്തില്‍ പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.

ക്ഷീര കര്‍ഷകര്‍ക്കും പരമ്പരാഗത കൃഷിക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പ്രത്യേക ബജറ്റ് അവതരിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനമാണ് തങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഗെഹ്ലോട്ട് പറഞ്ഞു. സംസ്ഥാന ബജറ്റ് അവതരണത്തിനോടൊപ്പം പ്രത്യേകമായാകും കാര്‍ഷിക ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുക.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍, പദ്ധതികള്‍, അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ്, പവര്‍ പ്ലാന്റ് നിര്‍മ്മാണം മുതലായവയെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്ര ബജറ്റാകും കാര്‍ഷിക മേഖലയ്ക്കായി അവതരിപ്പിക്കപ്പെടുകയെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഹോര്‍ട്ടികള്‍ചര്‍, മൃഗസംരക്ഷണം, ക്ഷീര വികസനം മുതലായ മേഖലകള്‍ക്കും സര്‍ക്കാര്‍ പ്രോത്സാഹനമുണ്ടാകുമെന്നാണ് പ്രഖ്യാപനം.

കാര്‍ഷിക മേഖല നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഈ ഘട്ടത്തില്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് തങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. ജലസേചനത്തിനും മറ്റും കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. ഇത് മനസിലാക്കിയാണ് കാര്‍ഷിക രംഗത്തിനായി പ്രത്യേകം വൈദ്യുതി പ്ലാന്റ് എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം ഫലംകണ്ട പശ്ചാത്തലത്തില്‍ കൂടിയാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. ബി ജെ പി സര്‍ക്കാര്‍ ചെയ്തതുപോലെ കര്‍ഷകരെ ഒരു വര്‍ഷത്തോളം തെരുവിലിരുത്തുന്ന നയമല്ല കോണ്‍ഗ്രസിന്റേതെന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നേരെ കോണ്‍ഗ്രസ് വാതില്‍ കൊട്ടിയടക്കില്ലെന്നും രാഹുല്‍ ഗാന്ധി മുന്‍പ് പ്രസ്താവിച്ചിരുന്നു.

Related News