Loading ...

Home International

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ 300 മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്

കാബൂള്‍: താലിബാന്‍ അധികാരമേറ്റശേഷം അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലായി 318 മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്സ് (IFJ)റിപ്പോര്‍ട്ട് ചെയ്തു.51 ടിവി സ്റ്റേഷനുകള്‍, 132 റേഡിയോ സ്റ്റേഷനുകള്‍, 49 ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവ താലിബാന്‍ ഭരണകാലത്ത് പൂര്‍ണമായി പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ഐ.എഫ്.ജെ റിപ്പോര്‍ട്ട് ചെയ്തു. ഈ മാധ്യമപ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് പത്രങ്ങളെ ആണെന്നും 114 പത്രങ്ങളില്‍ 20 എണ്ണം മാത്രമേ ഇപ്പോള്‍ പ്രസിദ്ധീകരണം തുടരുന്നുള്ളുവെന്നും റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച്‌ ടോളോ ന്യൂസ് അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച്‌ ആശങ്കകള്‍ പങ്കുവെച്ച ഐ.എഫ്.ജെ നിലവില്‍ രാജ്യത്ത് 2,334 മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു. താലിബാന് മുമ്ബ് രാജ്യത്ത് 5069 മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നു. താലിബാന്‍ കാലത്ത് ജോലി നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ 72 ശതമാനവും സ്ത്രീകളാണെന്നും 243 എണ്ണം സ്ത്രീകള്‍ ഇപ്പോഴും മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നതായും ഐ.എഫ്.ജെ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിനു​മേലുള്ള താലിബാന്‍റെ കടന്നുക‍യറ്റങ്ങളില്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍, സമീപഭാവിയില്‍ നിശ്ചിത എണ്ണം മാധ്യമ സ്ഥാപനങ്ങള്‍ മാത്രമേ അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകൂവെന്നും അഫ്ഗാന്‍ സ്വതന്ത്ര മാധ്യമഅസോസിയേഷന്‍ മേധാവിയായ ഹുജത്തുള്ള മുജാദിദി പറഞ്ഞു. നിലവില്‍ അഫ്ഗാന്‍ മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ഗൗരവമായി പരിഗണിക്കാന്‍ അന്താരാഷ്ട്ര സംഘടനകളോട് അഫ്ഗാനിസ്ഥാനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.

Related News