Loading ...

Home National

സ്വകാര്യവല്‍ക്കരിക്കപ്പെട്ട ശേഷം എയര്‍ ഇന്ത്യയിലെ ആദ്യ പണിമുടക്ക് ഫെബ്രുവരി ഏഴിന്

മുംബൈ: സ്വകാര്യവല്‍ക്കരിക്കപ്പെട്ട ശേഷം എയര്‍ ഇന്ത്യയിലെ ആദ്യ പണിമുടക്ക് ഫെബ്രുവരി ഏഴിന്. വിമാനക്കമ്ബനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുള്ള 1,700 ഓളം എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ടെക്‌നീഷ്യന്മാരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

പണിമുടക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസിനെ സാരമായി ബാധിച്ചേക്കും.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസ് ലിമിറ്റഡ് എന്ന കമ്ബനിയിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. ഉടമസ്ഥാവകാശം ടാറ്റക്ക് കൈമാറിയ ശേഷവും ഇവരാണ് എയര്‍ ഇന്ത്യയുടെ സര്‍വീസ് ജോലികള്‍ ചെയ്യുന്നത്. വിമാനങ്ങളില്‍ ഇന്ധനം നിറക്കല്‍, പറക്കലിന് തയാറാക്കല്‍, മാര്‍ഷലിങ്, അറ്റകുറ്റപ്പണി തുടങ്ങിയ ജോലികളാണ് എയ്‌സലലിലെ കരാര്‍ ജീവനക്കാരായ ഇവര്‍ ചെയ്യുന്നത്. എയര്‍ ഇന്ത്യക്കു വേണ്ടി ഈ ജോലികള്‍ ചെയ്യുന്നവരില്‍ 60 ശതമാനവും എയ്‌സല്‍ ജീവനക്കാരാണ്.

ശമ്ബളം പരിഷ്‌കരിക്കുക, തൊഴില്‍ കരാര്‍ പുതുക്കുക, ഡിയര്‍നസ് അലവന്‍സ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യമാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. 'തുല്യ ജോലിക്ക് തുല്യ വേതനം എന്ന അടിസ്ഥാനത്തുള്ള ശമ്ബളമാണ് ഞങ്ങളുടെ ആവശ്യം. ഞങ്ങള്‍ ചെയ്യുന്ന ജോലികളും ഞങ്ങളുടെ യോഗ്യതകളും എയര്‍ ഇന്ത്യയിലെ സര്‍വീസ് എഞ്ചിനീയര്‍മാരുടേതിന് തുല്യമാണ്. അവര്‍ക്ക് ലഭിക്കുന്ന ശമ്ബളം ഞങ്ങള്‍ക്കും ലഭിക്കണം.' പണിമുടക്കില്‍ പങ്കെടുക്കുന്ന ഒരു ജീവനക്കാരനെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

'ഞങ്ങളുടെ ശമ്ബളം 25,000 രൂപയാണ്. ജനുവരിയിലെ ശമ്ബളമായി പലര്‍ക്കും ലഭിച്ചത് 21,444 രൂപ മാത്രമാണ്.' ജീവനക്കാരന്‍ പറയുന്നു. എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നതിനു മുമ്ബുതന്നെ തങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമാക്കി ജീവനക്കാര്‍ എയ്‌സലിന് കത്തുനല്‍കിയിരുന്നു. അസിസ്റ്റന്റ് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് ഇത് മാറ്റിവെച്ചു. എന്നാല്‍, പിന്നീട് മാനേജ്‌മെന്റുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതായും ഉറപ്പുകള്‍ ലഭിച്ചില്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും ജീവനക്കാര്‍ വ്യക്തമാക്കി.

Related News