Loading ...

Home Business

ആധിപത്യം തകര്‍ക്കാന്‍ ചൈനീസ് പദ്ധതി: ഡോളറിന് ബദലാകാന്‍ യുവാന്‍

ഹോങ്കോങ്: ആഗോളതലത്തില്‍ സാമ്ബത്തിക വിനിമയത്തിലെ അമേരിക്കന്‍ ഡോളറിന്റെ ആധിപത്യം തകര്‍ക്കാന്‍ പദ്ധതിയുമായി ചൈന. ഇതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് ഡോളറിന് പകരം ചൈനീസ് കറന്‍സിയായ യുവാന്‍ ആണ് ചൈന നല്‍കുന്നത്. സ്വന്തം കറന്‍സിയെ ആഗോള കറന്‍സിയാക്കി മാറ്റാനാണ് ചൈന ശ്രമിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഉത്പന്നമാണ് ക്രൂഡ് ഓയില്‍. 14 ലക്ഷം കോടി ഡോളറിന്റെ ക്രൂഡ് ഓയില്‍ കച്ചവടമാണ് വര്‍ഷാവര്‍ഷം ലോകത്ത് മുഴുവനും നടക്കുന്നത്. ഇത് ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് തുല്യമായി കണക്കാക്കാം. നിലവിലെ അവസ്ഥ കണക്കിലെടുത്താല്‍ ഡോളറില്‍ നിന്ന് സ്വന്തം കറന്‍സിയിലേക്ക് ക്രൂഡ് ഓയില്‍ കൈമാറ്റം മാറ്റുന്നത് ചൈനയെ സംബന്ധിച്ചിടത്തോളം അല്‍പം പ്രയാസമേറിയ കാര്യമാണ്. ഡോളറിന് തുല്യമായ പണമാണ് ഇതിനായി ചൈനയ്ക്ക് വിദേശത്തേക്ക് നല്‍കേണ്ടതായി വരിക. എന്നിരുന്നാലും 2018 പകുതിയോടെ ഡോളറില്‍ നിന്ന് യുവാനിലേക്കുള്ള മാറ്റം നടപ്പിലാക്കുമെന്നാണ് വിവരം.ലോകത്ത് ഏറ്റവുമധികം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. 2018ലെ കണക്കനുസരിച്ച്‌ 84 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ചൈന ഇറക്കുമതി ചെയ്യുന്നത്. ഇത്രയധികം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ സ്വാഭാവികമായി സ്വന്തം കറന്‍സി അതിനായി ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ചൈനയുടെ ഭാഷ്യം. ക്രൂഡ് ഓയില്‍ വിപണിയിലേക്ക് ചൈനീസ് യുവാന്‍ കടന്നുവരുന്നതോടെ ആഗോളതലത്തില്‍ യുവാന്‍ കൂടുതല്‍ കരുത്തുള്ള കറന്‍സിയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ചൈനീസ് വിപണിയെ അനുസരിച്ച്‌ മാറിമറിയാനും സാധ്യതയുണ്ട്. റഷ്യ, അംഗോള തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് യുവാന്‍ ഉപയോഗിച്ച്‌ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ചൈന ശ്രമിക്കുന്നത്. ഇരുരാജ്യങ്ങളും അമേരിക്കന്‍ ഡോളറിന്റെ അപ്രമാധിത്യത്തിനെതിരെ നിലകൊള്ളുന്നവരാണ്.ക്രൂഡ് ഓയില്‍ വിപണിയിലെ പരീക്ഷണം വിജയിച്ചാല്‍ മറ്റ് ഉത്പന്നങ്ങളും യുവാന്‍ ഉപയോഗിച്ച്‌ ഇറക്കുമതി ചെയ്യാന്‍ ചൈന നീക്കം തുടങ്ങും. ക്രൂഡ് ഓയില്‍ കഴിഞ്ഞാല്‍ ധാതുക്കളും ലോഹ അയിരുകളുമാണ് ചൈന കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്.

Related News