Loading ...

Home National

4 ലക്ഷം തൊഴിൽ, 500 രൂപക്ക് പാചകവാതകം; ഉത്തരാഖണ്ഡിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്

ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകടന പ​ത്രിക പുറത്തിറക്കി കോൺഗ്രസ്. പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം, നാല് ലക്ഷം പേർക്ക് ജോലി, ടൂറിസം പൊലീസ് സേന സൃഷ്ടിക്കൽ എന്നിവ വാഗ്ദാനം ചെയ്താണ് പ്രിയങ്കാ ഗാന്ധി പ്രകടന പത്രിക പുറത്തിറക്കിയത്.

‘ഉത്തരാഖണ്ഡ് സ്വാഭിമാൻ പ്രതിജ്ഞാപത്ര’ എന്ന പേരിലുള്ള പ്രകടനപത്രികയിൽ 40 ശതമാനം സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് മുൻഗണന നൽകുമെന്നും എൽപിജി വില 500 രൂപയായി നിജപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളിലും തത്സമയം സംപ്രേക്ഷണം ചെയ്ത വെർച്വൽ റാലിയിലാണ് പ്രിയങ്കാ ഗാന്ധി പ്രകടനപത്രിക പുറത്തിറക്കിയത്.

കഴിഞ്ഞ അഞ്ച് വർഷമായി ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. വോട്ടെടുപ്പിനെ ഗൗരവമായി കാണണമെന്നും മാറ്റം കൊണ്ടുവരാൻ ഏറ്റവും ശക്തിയേറിയ ഈ ആയുധം ഉപയോഗിക്കണമെന്നും പ്രിയങ്ക ഗാന്ധി വോട്ടർമാരോട് അഭ്യർഥിച്ചു. ഇന്നത്തെ സർക്കാർ അഞ്ച് വർഷം കൊണ്ട് ഒന്നും ചെയ്തില്ല. അതിന് മുമ്പുള്ള ഞങ്ങളുടെ സർക്കാർ ചെയ്ത പ്രവർത്തനങ്ങൾ മാത്രമാണ് ഇപ്പോഴും കാണാൻ കഴിയുന്നത്. കോൺഗ്രസിന് മാറ്റം കൊണ്ടുവരാനാകുമെങ്കിലും ജനങ്ങളുടെ അവകാശങ്ങൾക്കും കുട്ടികളുടെ ഭാവിക്കും വേണ്ടി പോരാടാൻ നിങ്ങൾ ഉണർന്നെഴുന്നേറ്റാൽ മാത്രമേ കഴിയൂവെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

പെട്രോൾ, ഡീസൽ വിലയിലെ വർധന കാരണം ഡബിൾ എഞ്ചിൻ എന്ന് വിളിക്കപ്പെടുന്ന എഞ്ചിൻ തന്നെ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള കരിമ്പ് കർഷകരുടെ കുടിശിക 14000 കോടി രൂപയാണെന്നും പ്രധാനമന്ത്രിക്ക് രണ്ട് വിമാനങ്ങൾ വാങ്ങാൻ ചെലവഴിച്ച 16000 കോടി രൂപ ഇതിനായി ഉപയോഗിച്ചിരുന്നെങ്കിൽ അത് എളുപ്പത്തിൽ തീർപ്പാക്കാമായിരുന്നുവെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

Related News